ബി.പി.സി.എല്ലില്‍ നടക്കുന്നത് മോദിയുടെ കൊള്ള: രാഹുല്‍ഗാന്ധി
കൊച്ചി: ബി.പി.സി.എല്ലില്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തുന്ന കൊള്ളയാണെന്ന് രാഹുല്‍ഗാന്ധി. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ കൊച്ചിന്‍ റിഫൈനറിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കൊള്ള ബോധപൂര്‍വമായ ഒന്നാണ്. നരേന്ദ്രമോദി ഇത് ചെയ്യുന്നത് അദ്ദേഹത്തിന്റെ യജമാനന്മാര്‍ക്ക് വേണ്ടിയാണ്. ഇത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം നഷ്ടത്തില്‍ വിറ്റശേഷം ദേശീയത പറയുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഇന്ത്യയെ അവര്‍ക്ക് വിറ്റത് രാജ്യത്തിന് അകത്തുള്ളവര്‍ തന്നെയാണ്. ഇപ്പോള്‍ അത് ചെയ്യുന്നത് മോദിയാണ്. ഇത് ജനങ്ങള്‍ കണ്ടുനില്‍ക്കില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയത് മണ്ടത്തരം ആയിരുന്നില്ല, അത് കോര്‍പറേറ്റുകള്‍ക്കായി നടപ്പാക്കിയതാണ്. വന്‍കിടക്കാരുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കിട്ടാക്കടം എഴുതിത്തള്ളിയ സര്‍ക്കാര്‍ ടെലികോം നിരക്ക് വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാരുടെ കീശയില്‍ കൈയിട്ട് വാരുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
വി.പി സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ വി.ഡി സതീശന്‍, ടി.ജെ വിനോദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, റോജി പി. ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഐ. എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമനിക് പ്രസന്റേഷന്‍, ടി.എച്ച് മുസ്തഫ, പ്രൊഫ.കെ.വി തോമസ്, കെ.പി ധനപാലന്‍, പി.സി വിഷ്ണുനാഥ്, ലാലി വിന്‍സെന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."