വിദേശയാത്രയിലൂടെ ലഭിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം: ചെന്നിത്തല
കോട്ടയം: തന്റെ വിദേശയാത്രയിലൂടെ കേരളത്തിന് ലഭിച്ച നേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓരോ വിദേശയാത്ര കഴിഞ്ഞ് വരുമ്പോഴും ജനങ്ങളോട് വാചകക്കസര്‍ത്ത് കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കഴിഞ്ഞ തവണ നെതര്‍ലന്‍ഡ്‌സില്‍ പോയപ്പോള്‍ 30,000 മലയാളി നഴ്‌സുമാരെ അവിടെ റിക്രൂട്ട് ചെയ്യാന്‍ ധാരണയാക്കിയെന്ന് പറഞ്ഞു. ഒറ്റയാളെ പോലും ഇതുവരെ കൊണ്ടുപോയില്ല. മലയാളി നഴ്‌സുമാരെ തങ്ങള്‍ക്ക് വേണ്ടെന്നും യൂറോപ്യന്‍ യൂനിയനില്‍നിന്ന് മാത്രമേ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യൂവെന്നും ഡച്ച് ഗവണ്‍മെന്റ് വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്ര വിനോദത്തിനായിരുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സര്‍വകലാശാല മാര്‍ക്ക് ദാനവിഷയത്തില്‍ മന്ത്രി കെ.ടി ജലീല്‍ വെല്ലുവിളിച്ചത് ഗവര്‍ണറെയാണ്. ചട്ടലംഘനത്തിലൂടെയാണ് മാര്‍ക്ക്ദാനം നടത്തിയതെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ തനിക്ക് നല്‍കിയ കത്ത് പരസ്യമാക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇത് ഗവര്‍ണര്‍ക്കെതിരേയുള്ള വെല്ലുവിളിയാണ്. കത്തിന്റെ ഉള്ളടക്കം ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."