പാലക്കാടിനെ വീണ്ടും കനകകിരീടം ചൂടിക്കാന്‍ ബി.എസ്.എസ് ഗുരുകുലം
ആലത്തൂര്‍: ടിപ്പുവിന്റെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച കരിമ്പനകളുടെ നാട്ടിന്റെ കലയുടെ കനകകിരീടം ശിരസിലുറപ്പിക്കാന്‍ തലയെടുപ്പോടെ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ജൈത്രയാത്ര ഇന്ന് തുടങ്ങും. കഴിഞ്ഞ വര്‍ഷം പൂരനഗരിയില്‍ കോഴിക്കോടിന്റെ കൈയില്‍നിന്നും ഒരു പോയിന്റ് വ്യത്യാസത്തില്‍ നഷ്ടമായ കീരിടം ഇക്കുറി ഉറപ്പിക്കാനുള്ള പോരാട്ടത്തിലും ആവേശത്തിലുമാണ് ഗുരുകുലം സ്‌കൂള്‍.
കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചാംപ്യന്‍മാരായ സ്‌കൂള്‍ കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ചാംപ്യന്‍മാരായിരുന്നു. 2018 മെയ് മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനം തന്നെയാണ് ഇതിന് ആത്മവിശ്വാസമേകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 20 ഇനങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 19 ഇനങ്ങളിലുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി അവസാന നിമിഷം പാലക്കാടിന് നഷ്ടമായ കിരീട നേട്ടത്തിനായി വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ കിഴക്കിന്റെ വെനീസിലേക്ക് തിരിക്കുന്നത്. പരിചമുട്ട്, സംഘനൃത്തം, കോല്‍ക്കളി, ചവിട്ടുനാടകം, യക്ഷഗാനം, തിരുവാതിരക്കളി, വൃന്ദവാദ്യം, ഒപ്പന എന്നിങ്ങനെയുള്ള ഗ്രൂപ്പ് ഇനത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദ്യാര്‍ഥികളും പരിശീലകരും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം എന്നിവയിലും മികവ് ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണിവര്‍. തൃശൂരില്‍ നടന്ന കലോത്സവത്തില്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 111 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 132 പോയിന്റോടെയുമാണ് ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറിയും ആ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ആലപ്പുഴയിലെത്തുന്നത്. പാലക്കാടിന്റെ കരുത്തും കാന്തിയും തെളിയിച്ച് കലയുടെ കനകകിരീടം ഉറപ്പിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."