മഹിളാമിത്ര പദ്ധതി വ്യാപകമാക്കും: എം.ബി രാജേഷ് എം.പി
പാലക്കാട്: അട്ടപ്പാടി ബ്ലോക്കില്‍ വിജയകരമായി നടപ്പാക്കിയ മഹിളാമിത്ര വായ്പാ പദ്ധതി ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. കുടുംബശ്രീ, ജില്ലാ സഹകരണ ബാങ്ക്, എം.പി ഫണ്ട് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിങ് ഫണ്ട്, മാച്ചിങ് ഗ്രാന്റ്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
75 ശതമാനം പിന്നാക്ക വിഭാഗക്കാരായ അംഗങ്ങളുള്ള 16 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പയായി 56 ലക്ഷമാണ് വിതരണം ചെയ്തത്. അയല്‍ക്കൂട്ടങ്ങളുടെ ലഘുസമ്പാദ്യം പ്രോത്സാഹിപ്പിക്കുക, ആന്തരിക വായ്പ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുക, ബാങ്ക് ലിങ്കേജ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ നല്‍കുന്ന പ്രോത്സാഹന തുകയാണ് മാച്ചിങ് ഗ്രാന്റ്.
18 ഗ്രൂപ്പുകള്‍ക്കായി 80,000 രൂപയാണ് മാച്ചിങ് ഗ്രാന്റ് ഇനത്തില്‍ വിതരണം ചെയ്തത്. അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക വായ്പ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായി കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാകുന്നതാണ് റിവോള്‍വിങ് ഫണ്ട്. പഞ്ചായത്തിനു കീഴിലെ 10 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ വീതം ഒരു ലക്ഷം രൂപ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി മുരളീധരന്‍ അധ്യക്ഷനായി.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഗുണ രാജേന്ദ്രന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രാധാരമണി, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വി. ലത, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. അശോകന്‍, പി. വിമല, സി. പ്രിയ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിനേഷ്, മരുതറോഡ് ഗ്രാമപഞ്ചായത്തംഗം സൗമ്യ വിനീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."