പട്ടികജാതി - വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയല്‍: പൊലിസുകാര്‍ക്ക് പരിശീലനം നല്‍കും
മലപ്പുറം: പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കും. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള കാലതാമസം, ശരിയായ വകുപ്പുകള്‍ ഉള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ തയാറാക്കുക, കൃത്യസമയത്ത് ചാര്‍ജ്ഷീറ്റ് നല്‍കാതിരിക്കുക എന്നിവ കാരണം പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അര്‍ഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കാതെ പോകുന്നതായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എഫ്.ഐ.ആറും ചാര്‍ജ് ഷീറ്റും കൃത്യമായി തയാറാക്കിയ കേസുകളില്‍ രണ്ടു മാസത്തിനകം വിധി പറയാന്‍ സാധിക്കുമെന്ന് മഞ്ചേരി സ്‌പെഷല്‍ കോടതി പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ. അബ്ദുല്ലക്കുട്ടി അറിയിച്ചു. ഇത് സാധ്യമാക്കുന്നതിനാണ് പൊലിസുകാര്‍ക്കും മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും നിയമ ബോധവത്ക്കരണം നല്‍കുന്നത്. ജനുവരി മുതല്‍ മലപ്പുറം ഡിവിഷനില്‍ 17, പെരിന്തല്‍മണ്ണ 19, തിരൂര്‍ 28 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2014ലെ ഭേദഗതി പ്രകാരമുള്ള പുതിയ വകുപ്പുകള്‍ വിവേകത്തോടെ പ്രയോഗിക്കുന്നതിനെക്കുറിച്ചും പരിശീലനം നല്‍കും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ഇവ തെളിയിക്കുന്നതിന് സൂക്ഷ്മമായ പ്രാഥമിക അന്വേഷണത്തില്‍ തന്നെ സാധ്യമാവും. ഇത്തരത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന വ്യക്തിയുടെ അവകാശവും സംരക്ഷിക്കപ്പെടും. ലൈംഗിക പീഡനം, ഭൂമിതട്ടിയെടുക്കല്‍ കേസുകളാണ് ഇപ്പോള്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. മഞ്ചേരിയില്‍ സ്‌പെഷല്‍ കോടതി നിലവില്‍ വന്നതിനു ശേഷം മൂന്ന് വര്‍ഷത്തിനകം 35 കേസുകളില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വിധിച്ചതായി പബ്‌ളിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അനധികൃതമായി ഭൂമി കൈയേറുക, കൃഷി ചെയ്യുക, നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുക, ഭിക്ഷാടനത്തിന് ഉപയോഗിക്കുക, വോട്ടവകാശം നിക്ഷേധിക്കുക, തെറ്റായി നിയമ നടപടികള്‍ സ്വീകരിക്കുക, അപമാനിക്കുക, സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുക, ലൈംഗികമായി പിഡീപ്പിക്കുക, വഴി തടസ്സപ്പെടുത്തുക, താമസസ്ഥലം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കുക, തെറ്റായ സാക്ഷി മൊഴി നല്‍കുക, കൊലപാതകം, മരണം, അംഗവൈകല്യം, കവര്‍ച്ച, വീട് നശിപ്പിക്കുക തുടങ്ങി പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് കേസെടുക്കാവുന്ന 22 ഓളം വകുപ്പുകളില്‍ നല്‍കേണ്ട നഷ്ട പരിഹാരം സംബന്ധിച്ച് 2014ലെ ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. യോഗത്തില്‍ ഉന്നയിച്ച 29 കേസുകളില്‍ അര്‍ഹമായ നഷ്ട പരിഹാരം നിശ്ചയിച്ച് നല്‍കാന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സമിതി അംഗങ്ങളായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലതാ നായര്‍, ഐ.റ്റി.ഡി.പി ഓഫീസര്‍ കെ. കൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാഷന്‍ ഓഫീസര്‍ വി.പി. സുലഭ കുമാരി, ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."