ഷഹ്‌ലയുടെ മരണം, കുട്ടികളുടെ ആവശ്യങ്ങള്‍ തള്ളി അധ്യാപകര്‍ക്കെതിരേ നടപടി വേണ്ട: ബാലാവകാശ കമ്മിഷന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടികളുടെ ഹൃദയം തുറന്നുള്ള പ്രതികരണങ്ങളെ അസ്ഥാനത്താക്കി സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കുട്ടികളുയര്‍ത്തിയ പ്രതിഷേധം അധ്യാപകര്‍ക്കെതിരേയുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന തരത്തില്‍ ചിലര്‍ പടച്ചുവിട്ട വാദം അംഗീകരിച്ച കമ്മിഷന്‍, സംഭവത്തില്‍ ഗുരുതര അനാസ്ഥ വരുത്തിയ അധ്യാപകര്‍ക്കെതിരേ യാതൊരു നടപടിയും വേണ്ടെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഷഹ്‌ലയുടെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിരാകരിച്ചുകൊണ്ട്, പരസ്പര വിരുദ്ധമായ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതേസമയം ചികിത്സ വൈകിയതിന് ബത്തേരി ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ നിയമനടപടികളും മറ്റു വകുപ്പുതല നടപടിയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവെടുപ്പിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികളുടെ മൊഴിയും എടുത്തുവെന്നും എന്നാല്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അധ്യാപകരുടെ വാദം മുഖവിലക്കെടുക്കേണ്ടതാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഇ. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ലാസ് മുറിയില്‍വെച്ച് കുട്ടിയുടെ കാലില്‍ മുറിവുണ്ടായതിനുശേഷം രക്ഷാകര്‍ത്താവ് വരുന്നത് വരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ല. എന്നാല്‍ ഇതിന്റെ പേരില്‍ വകുപ്പുതല നടപടികളോ, നിയമനടപടിയോ ആവശ്യമില്ല.
നേരത്തേ പ്രദേശത്തുനടന്ന റോഡുപരോധത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത് അധ്യാപകരില്‍ ചിലര്‍ വിലക്കിയെന്നും ഇതിലുള്ള പ്രതികാരമായാണ് അധ്യാപകര്‍ക്കെതിരേ കുട്ടികള്‍ രംഗത്തെത്തിയതെന്നുമുള്ള തരത്തിലായിരുന്നു ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത്. ഈ വാദത്തെ അംഗീകരിക്കുകയാണ് ബാലാവകാശ കമ്മിഷനും ചെയ്തത്. അധ്യാപകരുടെ അലംഭാവത്തിനെതിരേ പ്രതികരിച്ചതിനാല്‍ തങ്ങള്‍ക്ക് തുടര്‍പഠനത്തിന് ആശങ്കകളുണ്ടെന്നും പ്രതിസ്ഥാനത്തുള്ള അധ്യാപകരെ സ്‌കൂളില്‍ നിന്ന് മാറ്റണമെന്നുമുള്ള കുട്ടികളുടെ ആവശ്യം പോലും കമ്മിഷന്‍ മുഖവിലക്കെടുത്തില്ല.
അതേസമയം ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കമ്മിഷന്‍ ഉന്നയിച്ചത്. പിതാവ് പറഞ്ഞിട്ടും കുട്ടിക്ക് ആന്റിവെനം നല്‍കാതിരുന്നതിന് ന്യായീകരണമില്ലെന്നും കുട്ടിയെ മൂന്ന് മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് റഫര്‍ ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണെന്നും കമ്മിഷന്‍ പറയുന്നു. കുട്ടിയെ അരമണിക്കൂര്‍ കൊണ്ട് എത്താവുന്ന ഇഖ്‌റ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാതിരുന്നതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്ത് അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് സ്‌പെഷാലിറ്റി ആശുപത്രികളിലേക്ക് കുട്ടികളെ റഫര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അനുമതിയില്ലാത്ത കാര്യത്തിന്റെ പേരിലാണോ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ക്ലാസ് റൂം പരിശോധിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മൊത്തം 41 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും സ്‌കൂളിലെയും ആശുപത്രിയിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ രേഖയായി സ്വീകരിച്ചെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. മറ്റ് 15 ശുപാര്‍ശകള്‍ കൂടി അടങ്ങിയ 22 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
'ദേശീയ ബാലാവകാശ
കമ്മിഷന്റെ
ഇടപെടല്‍ ആശാസ്യമല്ല '
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലും തിരുവനന്തപുരത്ത് കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്നതായി പ്രചരിച്ച സംഭവത്തിലും ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടത് ആശാസ്യമല്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ട് സമാന്തരമായി അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണ്. രണ്ട് സംഭവങ്ങളിലും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അന്വേഷണം നടത്തുകയും സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുകയും ചെയ്ത ശേഷവും ദേശീയ കമ്മിഷന്‍ ഇടപെട്ടത് അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."