പാര്‍ലമെന്റില്‍ ഗോമൂത്രവും ചാണകവും ചര്‍ച്ചാ വിഷയം; മാഹാത്മ്യം വിവരിച്ച് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഗോമൂത്രത്തിന്റെ മാഹാത്മ്യങ്ങള്‍ വിവരിച്ചും വര്‍ണിച്ചും ബി.ജെ.പി വനിതാ എം.പി പാര്‍ലമെന്റില്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ വിവരിച്ചത്. പശുവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളെ ആധുനിക രീതിയുപയോഗിച്ച് പ്രചരിപ്പിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്നും മീനാക്ഷി ലേഖി ചോദിച്ചു. ചോദ്യോത്തരവേളയിലാണ് മീനാക്ഷി ലേഖിയുടെ വിവരണം.
മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരമായ രോഗം സുഖപ്പെടുത്തിയത് ഗോമൂത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ അഡീഷണല്‍ സോളസിറ്റര്‍ ജനറലിന്റെ ഗുരുതരമായ രോഗം ഗോ മൂത്ര ചികിത്സയിലൂടെ സുഖപ്പെട്ടെന്നാണ് മീനാക്ഷി പറഞ്ഞത്.
ഡല്‍ഹിയിലെ പാല്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അനുബന്ധമായി ഉപചോദ്യം ചോദിക്കാനുള്ള അവസരം മുതലെടുത്തുകൊണ്ടാണ് മീനാക്ഷ ലേഖി പാര്‍ലമെന്റില്‍ ഗോമൂത്രവും ചാണകവും ചര്‍ച്ചാവിഷയമാക്കിയത്. ഡല്‍ഹി മില്‍ക്ക് സൊസൈറ്റിയിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി മറുപടി നല്‍കി. പിന്നീടാണ് മീനാക്ഷി ഗോമൂത്രത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.
മീനാക്ഷിലേഖിയുടെ അടുത്ത ചോദ്യം ചാണകത്തെക്കുറിച്ചായിരുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ചാണകത്തിന് സാധ്യമാണെന്നും ചാണകത്തിന്റെ ഈ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി കര്‍ണാലില്‍ ജെനോം സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കൃഷിമന്ത്രി രാധാ മോഹന്‍ സിങ് മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."