'മുഖ്യമന്ത്രി വരട്ടെ'- യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ഉന്നാവോ യുവതിയുടെ കുടുംബം
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി ഉന്നവോ യുവതിയുടെ കുടുംബം. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉന്നാവിലെക്ക് പുറപ്പെട്ട മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് രാത്രി 9.30ക്ക് ശേഷമാണ് ഗ്രാമത്തില്‍ എത്തിയത്. രാത്രി വൈകി എത്തിയതിനാല്‍ സംസ്‌കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പത്തുമണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്.
സര്‍ക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. എത്രയും വേഗം സംസ്‌കാരം നടത്താന്‍ കുടുംബത്തിനുമേല്‍ പൊലിസ് സമ്മര്‍ദം തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണമെന്ന നിലപാടില്‍ ബന്ധുക്കള്‍ എത്തിയത്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ് . ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേത്യത്വത്തില്‍ രാജ്ഘട്ടില്‍ നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതി പ്രതിഷേധം നടന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധിക്കും. സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം കുടുംബത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.
റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗ കേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയി തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."