ഹജ്ജ് 2017: ജംറ മേഖലയില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുന്നു
മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി പ്രധാന മേഖലയായ ജംറകളുടെ ഭാഗത്തു ശീതീകരണ സംവിധാനം സജ്ജീകരിക്കുന്നു. ജംറകളുടെ ചുറ്റുഭാഗത്തെ അന്തരീക്ഷം മുഴുവനായും ശീതീകരിക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം ഈ വര്‍ഷത്തെ ഹജ്ജില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജംറകളിലേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറ് ഭാഗത്തും ജംറകളില്‍ നിന്നും മിനയിലേക്ക് പോകുന്ന ഭാഗത്തുമാണ് ശീതീകരണ സംവിധാനം സജ്ജീകരിക്കുന്നത്.
ഇരു ഹറം സേവകന് സഊദിഭരണാധികാരിയുടെ ഉപദേശകനും മക്ക പ്രവിശ്യ ഗവര്‍ണറും മക്ക ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രധാന പദ്ധതി കൂടിയാണിതെന്നു വക്താവ് ജലാല്‍ കഅകി പറഞ്ഞു. തീര്‍ത്ഥാടകര്‍ കൂട്ടമായെത്തുമ്പോള്‍ ഉണ്ടാകുന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പതിനായിരം മീറ്റര്‍ നീളത്തില്‍ തയ്യാറാകുന്ന പദ്ധതിയില്‍ തണുത്ത വെള്ളം സ്പ്രേ ചെയ്യുന്നതിനായി 750 കേന്ദ്രങ്ങളായിരിക്കും ഉണ്ടായിരിക്കുക. വെള്ളം പമ്പ് ചെയ്യാനായി പ്രധാനപ്പെട്ട രണ്ടു പമ്പിങ് സ്റ്റേഷനുകളും ഉണ്ടായിരിക്കും. മണിക്കൂറില്‍ 235 ക്യൂബിക് മീറ്റര്‍ തണുത്ത വെള്ളം അന്തരീക്ഷത്തിലേക്ക് സ്പ്രേ ചെയ്യുന്ന സംവിധാനം സദാ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."