വിജയത്തിന്റെ മുരളീരവം
ര്യനെപ്പോലെ ശോഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സ്വയം കത്തിജ്വലിക്കാന്‍ തയാറാവണം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യന്‍ സ്വയം എരിയാന്‍ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ജീവിതത്തില്‍ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്‌നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങള്‍, പഠനത്തിലും ജോലിയിലുമുള്ള ഉയര്‍ച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാന്‍ കഴിയില്ല. അതിന് സ്ഥിരോല്‍സാഹവും ദൈവാശ്രയത്വവും തളരാതെ പ്രവര്‍ത്തിക്കാനുള്ള മനസും ആവശ്യമാണ്. നോക്കൂ മുരളീധരന്റെ വിജയവും ഇത്തരത്തില്‍ തളരാത്ത മനസിന്റെ ജ്വലിക്കുന്ന അടയാളമാണ്.
ആഗ്രഹങ്ങളെ ഒരു പ്രായത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്തവിധമാണ് നമ്മുടെ ജീവിതമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഇത്തരത്തില്‍ അത്ഭുതങ്ങള്‍ നിറഞ്ഞതാണ് കല്‍പ്പറ്റ എമിലി സ്വദേശിയായ മുരളീധരന്റെ ജീവിതം. 61 വയസുള്ള മുരളീധരന് ഒരു മോഹമുണ്ടായി. വയസുകാലത്ത് തോന്നിയൊരു ഭ്രാന്തന്‍ മോഹമല്ലായിരുന്നു അത്. ആലോചിച്ചുറച്ചൊരു സ്വപ്നം. ഒരു ഡോക്ടറാവണം. ഈ പ്രായത്തില്‍ അതൊക്കെ നടക്കുമോ? നടക്കും എന്നാണ് മുരളീധരന്റെ മനസ് മന്ത്രിച്ചത്. അത് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
എങ്ങനെ നേടും? ആദ്യം നീറ്റ് എന്ന എന്‍ട്രന്‍സ് പരീക്ഷ എഴുതണം. കോച്ചിങ് സെന്ററിലേക്കൊന്നും പോയില്ല. അല്ലെങ്കിലും ഈ വയസുകാലത്ത് കൊച്ചുപിള്ളേരുടെ പ്രായത്തിലുള്ളവര്‍ക്കൊപ്പമൊക്കെ ഇരുന്ന് പഠിക്കാന്‍ സമ്മതിച്ചില്ലെങ്കിലോ എന്നൊരു ആശങ്കയായിരുന്നു കൂടുതല്‍. അങ്ങനെ ഇന്റര്‍നെറ്റ് നോക്കി പരീക്ഷക്കുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തി. മൂന്ന് പതിറ്റാണ്ട് ബാങ്ക് ഉദ്യോഗസ്ഥനായി ജീവിച്ചൊരു മനുഷ്യനാണ്. വിരമിച്ചതിനുശേഷമാണ് ഡോക്ടാവണമെന്ന ഭ്രാന്തന്‍ മോഹം വീണ്ടും പൊടിതട്ടിയെടുത്ത് അടിമുടിയാകെ പടരാന്‍ വിട്ടത്.
തടസം കോടതിവിധിയുടെ
രൂപത്തില്‍
25 വയസിന് മുകളിലുള്ളവര്‍ക്കും നീറ്റ് പരീക്ഷ എഴുതാമെന്ന സുപ്രിംകോടതി വിധിയുടെ കരുത്തിലാണ് മുരളീധരന്‍ അറുപത്തിയൊന്നാം വയസിലും നീറ്റ് പരീക്ഷ എഴുതിയത്. 2018ലായിരുന്നു അത്. പൊതുവിഭാഗത്തില്‍ 46.626 പെര്‍സെന്റേല്‍ സ്‌കോറാണ് ലഭിച്ചത്. പക്ഷെ ഡല്‍ഹി ഹൈക്കോടതി വിധിയുടെ രൂപത്തില്‍ മുരളീധരന്റെ സ്വപ്നങ്ങളെല്ലാം തകര്‍ത്തുകളഞ്ഞു. പരീക്ഷാഫലം തടയുന്നതായിരുന്നു വിധി. എന്തായാലും അങ്ങനെ തോറ്റ് കൊടുക്കാനൊന്നും മുരളീധരന്‍ തയ്യാറായില്ല. കാരണം ഡോക്ടറാവണമെന്നും അതിനായി പഠിക്കണമെന്നും മനസിലുറപ്പിച്ചിരുന്നു. ഒരു കോടതിവിധിക്കും അതിനെ തകര്‍ക്കാനാവില്ലല്ലോ.. ഒരു കാര്യമങ്ങ് തീരുമാനിച്ചുറപ്പിച്ചാല്‍ പിന്നെ അനുകൂലഘടകങ്ങളൊക്കെ പിന്നാലെ വന്നുകൊള്ളും. എന്തായാലും മുരളീധരന്‍ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു.
വിട്ടുകൊടുക്കാത്ത
നിശ്ചയദാര്‍ഢ്യം
വീണ്ടും നീറ്റ് പരീക്ഷ എഴുതി ഈ വര്‍ഷത്തില്‍. ചെന്നൈയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു എന്‍ട്രന്‍സ് പരീക്ഷ. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍പോയ മുരളീധരനെ രക്ഷിതാവെന്ന് കരുതി സെക്യൂരിറ്റിക്കാരന്‍ മുറിക്കകത്തേക്ക് വിട്ടില്ല. '18 വയസുള്ള' 61 കാരനെ അവര്‍ക്കാര്‍ക്കും അത്രപെട്ടെന്ന് തിരിച്ചറിയാനായില്ല. കൂടെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുമൊരു കൗതുകം. ഈ പ്രായത്തിലും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയോ എന്നര്‍ഥത്തില്‍ പലരുടെയും കണ്ണുകളിലെ കൗതുകം മുരളീധരന് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ഇത്തവണ വിജയം മുരളീധരനൊപ്പമായിരുന്നു. വിജയംപോലും തോറ്റുപോയി മുരളീധരന്റെ ഇച്ഛാശക്തിക്ക് മുന്നിലെന്ന് പറയുന്നതാകും ശരി. ഇത്തവണ കട്ടോഫ് മാര്‍ക്ക് കുറച്ചതിനാല്‍ ബി.ഡി.എസിന് അപേക്ഷിക്കാനും യോഗ്യത നേടി. തന്റെ സ്വപ്നങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നു മുരളീധരന്‍. അത്ഭുതപ്പെട്ടും നിരുത്സാഹപ്പെടുത്തിയും കളിയാക്കിയും മാറ്റി നിര്‍ത്തിയവരൊക്കെ മുരളീധരനിലെ വിജയിയെ അംഗീകരിക്കാനും അഭിനന്ദിക്കാനും തുടങ്ങി.
നിരാശയെ കവച്ചുവച്ച മോഹം
കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് ചേരാനുള്ള മാര്‍ക്ക് മുരളീധരന് ലഭിച്ചിട്ടില്ലായിരുന്നു. അതിന്റെയൊരു നിരാശ അയാളിലുണ്ട്. എന്നാലും ബി.ഡി.എസിനും, ബി.എച്ച്.എം.എസിനും അപേക്ഷിക്കാന്‍ കഴിയും. മുരളീധരന് സമാധാനമായി. അങ്ങനെ വെറ്ററിനറി സയന്‍സിന് പൂക്കോട്, മണ്ണുത്തി കോളജുകളില്‍ അപേക്ഷ നല്‍കി. പക്ഷെ കിട്ടിയില്ല, പല്ല് ഡോക്ടാറാവാം. അതും ഒരു ഡോക്ടറാണല്ലോ... അതു വേണ്ടെന്ന് മുരളിധരന്റെ മനസ് മന്ത്രിച്ചു. അതിനാണോ ഈ വയസുകാലത്ത് പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പാസായത്. അതും ഒരു കോച്ചിങ് സെന്ററിലും പോകാതെ. അങ്ങനെയാണ് കോഴിക്കോട്ടുള്ള അബ്ദുല്‍ റസാഖിനെ പരിചയപ്പെടുന്നത്. ആള് ചാവക്കാട്ടുകാരനാണ്. വര്‍ഷങ്ങളായി കോഴിക്കോട്ടാണ് താമസം. വിദേശരാജ്യങ്ങളില്‍ പോയി എം.ബി.ബി.എസ് പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കലാണ് ജോലി.
റസാഖിന്റെ ഉപദേശപ്രകാരം മുരളീധരന്‍ യൂറോപ്പില്‍പോയി എം.ബി.ബി.എസ് പഠിക്കാന്‍ തീരുമാനിച്ചു. ഇവിടെ സീറ്റ് കിട്ടാത്ത പലരും ഇത്തരത്തില്‍ ഡോക്ടറാവാന്‍ യൂറോപ്പിലേക്ക് പറക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആദ്യ 100 ആശുപത്രികളില്‍ ഏതെങ്കിലുമൊന്നിലായിരിക്കും പഠനം. ഇന്ത്യയിലെ ഒരു ആശുപത്രിയും ആ ലിസ്റ്റില്‍ വരില്ലെന്ന് മറ്റൊരു സത്യം.
നവംബര്‍ അവസാനവാരമാണ് മുരളീധരന്‍ യൂറോപ്പിലേക്ക് പറക്കാനായി ഡല്‍ഹിയിലെത്തിയത്. യാത്രയുടെ നടപടിക്രമങ്ങളും കോളജിലെ അഡ്മിഷനും ശരിയായാല്‍ ഉസ്ബക്കിസ്ഥാനിലേക്ക് പറക്കും. അവിടുത്തെ ആശുപത്രികളിലൊന്നിലാണ് പഠനം. അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഒരു ഡോക്ടറായി നാട്ടിലേക്ക്.
ഇനിയൊരിക്കല്‍കൂടി നീറ്റ് പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടി നാട്ടിലെ ഏതെങ്കിലും മെഡിക്കല്‍കോളജുകളില്‍ പഠിക്കണമെന്ന് വിചാരിച്ചാല്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളുമുണ്ട്. കാരണം കോടതി നല്‍കിയ ആനുകൂല്യം അടുത്തവര്‍ഷം ലഭിക്കണമെന്നില്ല, അതുതന്നെ. രാജ്യത്ത് തന്നെ ഇത്രയും പ്രായം കൂടിയ നീറ്റ് വിദ്യാര്‍ഥി മറ്റൊരാളില്ലെന്ന് രേഖകള്‍ പറയുന്നു. കാരണം ഒരിക്കല്‍ നീറ്റ് പരീക്ഷയ്ക്കുപോയപ്പോള്‍ പ്രായംകൂടിപ്പോയെന്ന് പറഞ്ഞ് കോടതി തഴഞ്ഞൊരു മനുഷ്യനാണ്. നിയമപ്പോരാട്ടത്തിലൂടെ കോടതിവിധി സമ്പാദിച്ച് വീണ്ടും എഴുതിയൊരാളാണ്. ഇനിയൊരവസരം ലഭിക്കില്ലെന്ന് തീര്‍ച്ചയാണ്.
കുട്ടിക്കാലത്ത് പ്രാരാബ്ദം
തട്ടിയെടുത്ത ആഗ്രഹം
36 വര്‍ഷം എസ്.ബി.ഐ ബാങ്കില്‍ ജോലിചെയ്ത് 2018 സെപ്തംബറില്‍ വിരമിച്ചപ്പോള്‍ തോന്നിയൊരു കിറുക്കല്ല ഈ ഡോക്ടര്‍ പഠനം. കോഴിക്കോട്ടുള്ള കുട്ടിക്കാലത്തെ ജീവിതത്തില്‍ തന്നെ കയറിയൊരു മോഹമായിരുന്നു അത്. വാടകവീട്ടിലായിരുന്നു അക്കാലത്ത്. അച്ഛന്‍ ഒ. മാധവന്‍ നായരും അമ്മ രാധാഭായും അധ്യാപകരായിരുന്നു. മൂത്തമകനായ മുരളീധരന്‍ ഡോക്ടറാവാന്‍ പത്താം വയസിലെ തീരുമാനിച്ചുറപ്പിച്ചതാണ്. 1978 ല്‍ ഒന്ന് ശ്രമിക്കുകയും ചെയ്തു. 10 മാര്‍ക്കിന്റെ കുറവില്‍ അന്ന് കിട്ടാതെപോയി. കുടുംബത്തിന്റെ പ്രാരാബ്ദങ്ങള്‍ മൂത്തമകന്റെ തലയിലാണല്ലോ.. അങ്ങനെയാണ് ആഗ്രഹങ്ങള്‍ക്ക് സുല്ലിട്ട് ബാങ്ക് ജോലിയിലേക്ക് തിരിഞ്ഞത്. എങ്കിലും ഡോക്ടറാവണമെന്ന ആ സ്വപ്നം ഒരിക്കല്‍പോലും ഉപേക്ഷിച്ചതുമില്ല.
വിരമിക്കുന്നതിന് ഒന്‍പതു മാസം മുന്‍പുതന്നെ നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ബാങ്ക് ജീവിതത്തില്‍ അവശേഷിച്ച ലീവൊക്കെ ഒന്നിച്ചെടുക്കാനായപ്പോള്‍ കിട്ടിയ അവസരത്തിലാണ് ഈ പഠനം. എന്തായാലും അതൊന്നും വെറുതെയായില്ലെന്ന് മുരളീധരന്റെ ജീവിതം പഠിപ്പിക്കുന്നു.
ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ ശ്രീലതയും, മധ്യപ്രദേശിലെ ചൈംസ് ഏവിയേഷനില്‍നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭിച്ച് കൊമേഴ്‌സ്യല്‍ കമ്പനിയില്‍ ജോലിക്ക് കാത്തിരിക്കുന്ന ഏക മകന്‍ അവിനാഷ് മുരളിയും അച്ഛന്റെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണയായുണ്ട്. പലരും തളര്‍ത്തുമ്പോള്‍ ഇവര്‍ നല്‍കുന്ന പിന്തുണ വലിയൊരു കരുത്താണ് സമ്മാനിക്കുന്നതെന്ന് മുരളീധരന്‍ അഭിമാനത്തോടെ പറയുന്നു.
'ഇതുവരെ വഴി വെട്ടിത്തെളിച്ചിട്ടില്ലാത്ത ഒരു കാടാണ് നിങ്ങളുടെ മുന്നിലുള്ള ഒാരോ പാഠഭാഗവും എന്നു കരുതുക. അവിടെയുള്ള ലക്ഷ്യസ്ഥാനത്തേക്കാണ് നിങ്ങള്‍ക്കു യാത്രപോകേണ്ടത്. ആദ്യയാത്രയില്‍ നിങ്ങള്‍ പതറിപ്പോകാം. എന്നാല്‍ പിന്നീടുള്ള യാത്രകളില്‍ വഴി സുഗമമാകും. നിങ്ങള്‍ വളരെ സന്തോഷത്തോടെ ആ വഴി യാത്ര ചെയ്യുകയും ചെയ്യും'- ഇതാണ് മുരളീധരന് നല്‍കാനുള്ള സന്ദേശം.നിങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."