സുബോദിന്റെ കൊലപാതകം അപകടം മാത്രം: യോഗി
ന്യൂഡല്‍ഹി: പൊലിസ് ഇന്‍സ്പെക്ടര്‍ സുബോദ്കുമാര്‍ സിങിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബുലന്ദ്ഷഹറില്‍ നടന്നത് വെറും അപകടം മാത്രമാണെന്നും ആള്‍ക്കൂട്ട ആക്രമണം അവിടെ നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്കെത്തിയ യോഗി മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുബോദിന്റെ കൊലപാതകത്തെ നിസാരവല്‍ക്കരിച്ചത്.
വന്‍ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തോട് മൗനംപാലിച്ച യോഗിയുടെ നടപടി വിവാദമായതിനു പിന്നാലെയാണ് വിവാദ പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.
ആക്രമണത്തെ അപലപിക്കാതെ തെലങ്കാനയിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്, അവിടത്തെ സര്‍ക്കാരുകളെ വിമര്‍ശിച്ചു നടന്ന യോഗിയുടെ നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിന്നാലെ ഗോരഖ്പൂറിലെ ലേസര്‍ ഷോയിലും അദ്ദേഹം പങ്കെടുത്തു.
ഇതിനു ശേഷമാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ചത്. യോഗത്തില്‍ കൊലപാതകം വിഷയമേ ആയില്ല. മറിച്ച് ഗോഹത്യ നടന്നുവെന്ന ബജ്റംഗ്ദള്‍ നേതാവിന്റെ പരാതി അന്വേഷിക്കാനും ഗോഹത്യ നടത്തിയവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനുമായിരുന്നു യോഗം തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."