മണ്ണെണ്ണ കരിഞ്ചന്തക്ക്; കടക്കെണിയില്‍ മത്സ്യത്തൊഴിലാളികള്‍
കാസര്‍കോട്: മത്സ്യബന്ധന മേഖലയില്‍ രൂക്ഷമായ മണ്ണെണ്ണ പ്രതിസന്ധിയാണു നിലനില്‍ക്കുന്നത്. പലരും കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങിയാണു കടലില്‍ തോണിയിറക്കുന്നത്. നേരത്തെ 25 കുതിര ശക്തിയുള്ള ഔട്ട് ബോര്‍ഡ് എന്ജിന് ഒരു മണ്ണെണ്ണ പെര്‍മിറ്റിന് 500 ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 54 ലിറ്റര്‍ മണ്ണെണ്ണയാണ്.
മണ്ണെണ്ണ ലഭ്യതക്കു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൈകഴുകിയതോടെ ദുരിതത്തിലായതു മത്സ്യത്തൊഴിലാളികളാണ്. 100 രൂപ വരെ നല്‍കിയാണു പലരും മണ്ണെണ്ണ കരിഞ്ചന്തയില്‍ വാങ്ങുന്നത്. മത്സ്യഫെഡില്‍ നിന്ന് ഇപ്പോള്‍ മണ്ണെണ്ണ ലഭിക്കുന്നത് 62 രൂപയ്ക്കാണ്. മത്സ്യഫെഡില്‍ നിന്ന് ഒരു കാര്‍ഡിനു മണ്ണെണ്ണ ലഭിക്കണമെങ്കില്‍ കാര്‍ഡ് ഉടമസ്ഥന് കാസര്‍കോടെ മത്സ്യഫെഡ് ജില്ലാ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നു കാസര്‍കോടെ ഓഫിസിലെത്തി മണ്ണെണ്ണ വാങ്ങുന്നതിനെക്കാള്‍ നല്ലതു കരിഞ്ചന്തയില്‍ വാങ്ങുന്നതാണെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഇത്തരത്തില്‍ മണ്ണെണ്ണ ക്ഷാമം മൂലം കടക്കെണിയിലേക്കു വഴുതി വീഴുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കി 300 ലിറ്റര്‍ മണ്ണെണ്ണയെങ്കിലും ലഭ്യമാക്കുന്ന നടപടിയുണ്ടാകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."