''ഉപചാപക സംഘം ആസൂത്രണം ചെയ്യുന്നു, മോഡി നടപ്പിലാക്കുന്നു, രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു''; പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രഘുറാം രാജന്‍
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഡയരക്ടര്‍ രഘുറാം രാജന്‍. നേരന്ദ്രമോദിയുടെ ഏകാധിപത്യ, അധികാര കേന്ദ്രീകൃത സ്വഭാവമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം നരേന്ദ്രമോദിക്ക് ചുറ്റുമുള്ള ഏതാനും ഉപചാപക സംഘങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും പ്രധാനമന്ത്രി അത് നടപ്പിലാക്കുകയാണെന്നും ആരോപിച്ചു.
ഇന്ത്യ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാന്‍ പ്രധാനമന്ത്രിയുടെ അധികാര കേന്ദ്രീകരണത്തെക്കുറിച്ച് ആദ്യം പഠിക്കണം. തീരുമാനമെടുക്കുന്നതും ആശയങ്ങളും അജണ്ടകളും പ്രഖ്യാപിക്കുന്നതും വരെ അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഏതാനും ആളുകളാണ്. അവരുടെ രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കും മറ്റും ഗുണകരമാകുന്ന ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദൃഢതയുള്ള സഖ്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും സാമ്പത്തിക ഉദാരവല്‍കരണ നയങ്ങളാണ് പിന്‍തുടര്‍ന്നിരുന്നത്. കൃത്യമായ ആസൂത്രണമില്ലായ്മയും യോഗ്യതയില്ലാത്ത മന്ത്രിമാര്‍ക്കുമൊപ്പം അധികാര വികേന്ദ്രീകരണം കൂടിയാകുമ്പോള്‍ സ്ഥിതി അതീവഗുരുതരമാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ആഭ്യന്തര ക്ഷമത വര്‍ധിപ്പിക്കാനും മത്സരാധിഷ്ടിത വ്യവസ്ഥയില്‍ പിറകില്‍ പോകാതിരിക്കാനും അനേകം സ്വതന്ത്ര വ്യാപാര കരാറുകളില്‍ രാജ്യം ഇപ്പോള്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ആറുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പരമ്പരാഗതമായി തുടരുന്ന പ്രശ്‌നങ്ങളാണെങ്കില്‍പോലും കഴിഞ്ഞ ആറുവര്‍ഷത്തോളമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് അത് മാറ്റിയെടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."