ചടങ്ങിന് മുന്‍ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കാത്തത് അല്‍പ്പത്തം: ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയേയും വി.എസ് അച്യുതാനന്ദനേയും ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടികളെല്ലാം നടന്നത് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ഈ രണ്ടുപേരെയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര മന്ത്രിമാരായിരുന്ന എ.കെ ആന്റണി, സി.എം ഇബ്രാഹിം എന്നിവരുടെ പങ്കും നിസ്തുലമാണ്. വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 90 ശതമാനവും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പുതന്നെ പൂര്‍ത്തിയായിരുന്നു. റണ്‍വേയുടെ നീളം പോരെന്നു പറഞ്ഞ് സമരം ചെയ്തവര്‍ അതേ റണ്‍വേ നിലനിര്‍ത്തിയാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്താന്‍ പോകുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരെ പ്രോട്ടോകോള്‍ ലംഘിച്ച് സര്‍ക്കാര്‍ അവഹേളിക്കുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."