പള്ളിയില്‍ കയറി ഇമാമിനെ മര്‍ദിച്ചതില്‍ കനത്ത പ്രതിഷേധം
മലപ്പുറം: ആരാധനാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്ന നടപടികള്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും മുടിക്കോട്ട് പള്ളിയില്‍കയറി മതപണ്ഡിതനെ വളഞ്ഞിട്ടു വെട്ടിപ്പരുക്കേല്‍പിച്ച കാന്തപുരം വിഭാഗം പ്രവര്‍ത്തകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും മലപ്പുറത്തു നടന്ന സുന്നീ സംഘടനകളുടെ പ്രതിഷേധ റാലി ആവശ്യപ്പെട്ടു.
മുസ്‌ലിം സമൂദായത്തിന്റെ മതപരമായ കാര്യങ്ങള്‍ ഏകോപിച്ചു നിര്‍വഹിക്കുന്ന മഹല്ലുകളില്‍ ഭിന്നത സൃഷ്ടിക്കുന്ന നീക്കത്തെ തടയാന്‍ നിയമപാലകര്‍ ശക്തമായ നടപടി സ്വീകരിക്കണം. മഹല്ലുകളുടെ ഭരണം നേടാന്‍ അതിക്രമം അഴിച്ചുവിട്ടു പള്ളികള്‍ പൂട്ടാന്‍ കൂട്ടുനില്‍ക്കുന്നതു മതസംഘടനയുടെ പേരുപറയുന്നവര്‍ക്കു യോജിച്ചതല്ല. ആരാധനാ സമയത്തുപോലും മതപണ്ഡിതന്‍മാരെ ഭീതിപ്പെടുത്തുന്ന കിരാത നീക്കങ്ങള്‍ അനുവദിക്കരുതെന്നും മതപണ്ഡിതന്‍മാരെ കായികമായി നേരിടാനുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും റാലി ആവശ്യപ്പെട്ടു.
മുടിക്കോട് ജുമാമസ്ജിദില്‍ പള്ളി ഇമാമിനും സുന്നീ പ്രവര്‍ത്തകര്‍ക്കും നേരെ നടത്തിയ അക്രമത്തിനെതിരേയാണ് ഇന്നലെ വൈകിട്ട് മലപ്പുറത്ത് എസ്.വൈ.എസ്, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. സുന്നീ മഹല്‍ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം കുന്നുമ്മലില്‍ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അരാജകത്വം സൃഷ്ടിക്കുന്ന ശ്രമങ്ങള്‍ രാജ്യത്തു ഗുണകരമല്ലെന്നു മനസിലാക്കി സംഭവത്തെ ഗൗരവമായി കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തലൂര്‍, അഡ്വ. യു.എ ലത്വീഫ്, കെ.പി മുസ്തഫ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സി.എം കുട്ടി സഖാഫി, സി. അബ്ദുല്ല മൗലവി, സാലിം ഫൈസി കൊളത്തൂര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, സി.ടി ജലീല്‍ പട്ടര്‍കുളം എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."