സമസ്ത ബഹ്‌റൈന്‍ റൈഞ്ച് പ്രചരണ സമ്മേളനം ശ്രദ്ധേയമായി
മനാമ: ബഹ്‌റൈനിലെ വിവിധ മദ്‌റസകളിലെ ദഫ് സംഘത്തെ അണി നിരത്തി സമസ്ത ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച സമ്മേളന പ്രചരണം ശ്രദ്ധേയമായി.'വിശ്വശാന്തിക്ക് മത വിദ്യ' എന്ന പ്രമേയത്തില്‍ ഡിസം. 27,28, 29 തിയ്യതികളില്‍ കൊല്ലം ആശ്രമ മൈതാനിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷികസമ്മേളന പ്രചരണാര്‍ത്ഥമാണ് ബഹ്‌റൈനില്‍ പ്രചരണ സമ്മേളനം സംഘടിപ്പിച്ചത്. ബഹ്‌റൈന്‍ റൈഞ്ച് പരിധിയിലെ എട്ട് മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘങ്ങളുടെ ദഫ് പ്രദര്‍ശനമാണ് നടന്നത്. കൂടാതെ വിദ്യാര്‍ഥികളുടെ കലാവിരുന്ന്, ബുര്‍ദ്ദ മജ്‌ലിസ് എന്നിവയും നടന്നു.
എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ വിഖായ ടീം സമ്മേളന വാര്‍ഷികത്തെ ഓര്‍മ്മിപ്പിച്ച് 60 എന്ന സംഖ്യ തീര്‍ത്തതും എസ്. കെ. എസ്. ബി. വി കുരുന്നുകളുടെ 60 പതാകകള്‍ കയ്യിലേന്തിയ ആവിഷ്‌കാരവും സമ്മേളനത്തെ വര്‍ണാഭമാക്കി.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഭാഗങ്ങളില്‍ നിന്നായി മുതിര്‍ന്ന കുട്ടികള്‍ വന്നു പഠിക്കുന്ന വലിയ സ്ഥാപനങ്ങളല്ല, ഓരോ നാട്ടിലുമുള്ള മദ്‌റസകളാണ് ആ നാട്ടില്‍ ധാര്‍മ്മിക ബോധം സൃഷ്ടിക്കുന്നതെന്നും പഠന കാലത്ത് അഭ്യസിച്ച വിധമായിരിക്കും ഓരോ മനുഷ്യന്റെയും ജീവിതാന്ത്യം വരെയുള്ള സ്വഭാവമെന്നും തങ്ങള്‍ വ്യക്തമാക്കി. മദ്‌റസകളുടെ പ്രാധാന്യം രക്ഷിതാക്കളിലൂടെയാണ് കുട്ടികള്‍ക്ക് ബോധ്യപ്പെടേണ്ടതെന്നും ഭൗതിക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും പരിഗണനയും മദ്‌റസകള്‍ക്കും നല്‍കണമെന്നും മത ബോധമില്ലാത്ത മക്കള്‍ ഇരുലോകത്തും പരാജയമായിരിക്കുമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി കംബ്ലക്കാട് അനുസ്മരണ പ്രസംഗവും, റബീഅ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും നിര്‍വ്വഹിച്ചു. സമാപന പ്രാര്‍ത്ഥനക്ക് അശ്‌റഫ് അന്‍വരി ചേലക്കര നേതൃത്വം നല്കി.
സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച മനാമ മദ്‌റസാ വിദ്യാര്‍ത്ഥികളായ നിദ ഫാതിമ(അഞ്ചാം ക്ലാസ്), ഫാതിമ അര്‍ശദ് (ഏഴാം ക്ലാസ്), നജ ഫാതിമ(പത്ത്), ഫാതിമ ശാകിറ( പ്ലസ്ടു), എന്നിവര്‍ക്കുള്ള ഗോള്‍ഡ് മെഡലുകളും സമ്മാനിച്ചു.വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ് എന്നിവരുള്‍പ്പെടെയുള്ള സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ റൈഞ്ച് സെക്രട്ടറി ശൗക്കത്ത് ഫൈസി വയനാട് സ്വാഗതവും, ട്രഷറര്‍ ഹാഷിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."