മിഥുന് ലോക സ്റ്റുഡന്റ്‌സ് ഒളിംപിക്‌സില്‍ പങ്കെടുക്കണം, പക്ഷേ....
വടകര: പണമാണു വേണ്ടത്, എന്തിനും. ഒരാള്‍ക്ക് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടാലോ... അതും ഇന്ത്യയെ പ്രതിനിധീകരിച്ച്. തുടര്‍ന്നുണ്ടാകുന്ന സങ്കടങ്ങളും മാനസികപ്രയാസവും മിഥുനെ അനുഭവിപ്പിക്കരുത് നാം. മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ്‌സ് ഒളിംപിക് ഗെയിംസിന്റെ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു ഡിഗ്രി വിദ്യാര്‍ഥിയായ മിഥുന് സാമ്പത്തികമാണ് വിലങ്ങുതടിയാകുന്നത്. അര ലക്ഷത്തിലേറെ രൂപയില്ലാത്തതിനാല്‍ അവസരം നഷ്ടപ്പെട്ടേക്കുമോ എന്ന വിഷമത്തിലാണു വടകര കോപറേറ്റിവ് കോളജിലെ എം. മിഥുന്‍. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് മിഥുന് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയത്. ഇതിനുതന്നെ നല്ല ചെലവു വന്നു. അടുത്തത് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മീറ്റാണ്. അരലക്ഷത്തിലേറെ രൂപയില്ലെങ്കില്‍ മിഥുന്‍ തഴയപ്പെടുമെന്നു തീര്‍ച്ച. കൂലിപ്പണിക്കാരനായ അച്ഛന്‍ ഗിരീഷിന് ഇത്രയും തുക കണ്ടെത്തുക പ്രയാസമാണ്. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബം ജില്ലാ ആശുപത്രിക്കു സമീപത്തെ പറമ്പത്ത് ക്വാര്‍ട്ടേഴ്‌സിലാണു താമസിക്കുന്നത്. പാനൂര്‍ സ്വദേശിയായ ഗിരീഷ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി തേടി വടകരയിലെത്തിയതാണ്. പത്തുവരെ ശ്രീനാരായണ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കായികാധ്യാപകന്‍ ലിതേഷാണ് മിഥുനിനു ബാസ്‌കറ്റ്‌ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. ഇപ്പോള്‍ വടകര കുരിക്കിലാട്ടെ കോപറേറ്റിവ് കോളജില്‍ പഠിക്കുന്ന ഈ ഡിഗ്രി വിദ്യാര്‍ഥി തനിക്കു കൈവന്ന നേട്ടത്തിനു സാമ്പത്തികം തടസമാകുമോ എന്ന വിഷമത്തിലാണ്. ഡിസംബര്‍ 15നു മുന്‍പ് 52,000 രൂപ അടയ്ക്കണം. മിഥുനെ എതെങ്കിലും സംഘടനകളോ വ്യക്തികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."