സഫയ്ക്കും ഫാത്തിമയ്ക്കും കീര്‍ത്തനയ്ക്കും ആദരം 'വാര്‍ത്തകളിലെ തലക്കെട്ടുകളായത് ആകസ്മികം'
മലപ്പുറം: 'ഇപ്പോഴും ഓര്‍മയില്ല, ഞങ്ങള്‍ എങ്ങനെയാണ് വാര്‍ത്തകളുടെ തലക്കെട്ടുകളായതെന്ന് '- ഇത് പറയുമ്പോള്‍ ആ മൂന്നുപേരുടെയും മുഖത്ത് കൗതുകം പ്രകടമായിരുന്നു.
അന്ന് മാധ്യമങ്ങളോട് സംസാരിച്ചത് ആകസ്മികമായിട്ടായിരുന്നു. പക്ഷേ ഇന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഈ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ശരിക്കും ഭയവും ആശങ്കയുമെന്നും സഫ ഫെബിനും നിദ ഫാത്തിമയും കീര്‍ത്തനയും പറഞ്ഞു. കരുവാരക്കുണ്ട് ഗവ. സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ സഫ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തതോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയത്.
വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഫാതിമ ഷഹലയെന്ന സഹപാഠിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണ് കീര്‍ത്തനയും നിദ ഫാത്തിമയും ശ്രദ്ധിക്കപ്പെട്ടത്. മലപ്പുറം പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ ഒരുമണിക്കൂറോളം സമയം മാധ്യമപ്രവര്‍ത്തകരുമായും വിദ്യാര്‍ഥികളുമായും സംവദിച്ചു.
ചടങ്ങ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനാലാണ് സഫയ്ക്ക് ഇത്തരത്തില്‍ വിവര്‍ത്തനംചെയ്യാന്‍ കഴിഞ്ഞതെന്ന് ചില സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും തന്നോട് സംശയം ഉന്നയിച്ചതായും അത് തെറ്റാണെന്നും അനില്‍കുമാര്‍ പറഞ്ഞു. രാഹുലിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യാന്‍ കെ.സി വേണുഗോപാലിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. സ്‌കൂളിലെ പരിപാടിയായതിനാല്‍ സ്‌കൂളിലെ തന്നെ ആരെങ്കിലുമാവും നല്ലതെന്ന് രാഹുല്‍ പറഞ്ഞു. ഇതുപ്രകാരം അധ്യാപകരോട് സംസാരിച്ചപ്പോള്‍ അവര്‍ അമ്പരന്നു. വിദ്യാര്‍ഥികളില്‍ ഒരാള്‍ മുന്നോട്ടുവരുമെന്ന് അപ്പോള്‍ കരുതിയില്ല. ചടങ്ങില്‍ വച്ച് രാഹുല്‍ ഇക്കാര്യം ചോദിച്ചപ്പോഴാണ് സഫ കയറിവന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
അധ്യാപകരുടെ അനാസ്ഥ കാരണം ഷഹ്‌ല മരിച്ചതിലുള്ള രോഷമാണ് അന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് നിദയും കീര്‍ത്തനയും പറഞ്ഞു. അപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയം തോന്നിയിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പേടിയെന്നും നിദ പറഞ്ഞു. ഷഹ്‌ല എന്റെ ക്ലാസിലെ കുട്ടി ആയതിനാലാണ് പ്രതികരിച്ചതെന്ന് കീര്‍ത്തന പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ് എന്നിവരും സംസാരിച്ചു.
എന്നെ തള്ളിവിട്ടത്: സഫ
മലപ്പുറം: രാഹുല്‍ഗാന്ധിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ പോലും തോന്നിയിരുന്നില്ലെന്ന് സഫ ഫെബിന്‍ പറഞ്ഞു.
രാഹുല്‍ വരുന്നത് ഏതാനും ദിവസം മുന്‍പാണ് അറിഞ്ഞത്. രാഹുല്‍ വരുന്നതില്‍ വളരെ സന്തോഷം ഉണ്ടായിരുന്നു. രാഹുലിനെ നേരിട്ട് കണ്ടതിലുള്ള കൗതുകത്തില്‍ നോക്കിനില്‍ക്കുമ്പോഴാണ് വിവര്‍ത്തനം ചെയ്യാന്‍ ഞങ്ങളെ ക്ഷണിച്ചത്. അപ്പോള്‍ സുഹൃത്തുക്കളെല്ലാം എന്നെ ഉന്തിവിടുകയായിരുന്നു. ഞാന്‍ എണീറ്റത് എല്ലാവരും കണ്ടു. പിന്നെ സീറ്റിലേക്ക് നോക്കുമ്പോള്‍ എന്റെ ഇരിപ്പിടം പോയതിനാല്‍ തിരിച്ച് ഇരിക്കാനും കഴിഞ്ഞില്ല. നാലഞ്ചുവര്‍ഷം മാത്രമാണ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചത്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും ടി.വിയില്‍ കാര്‍ട്ടൂണുകള്‍ കാണുകയും ചെയ്യും. അവസരം കിട്ടിയാല്‍ ഇനിയും രാഹുലിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യുമെന്നും സഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."