'അമ്മ' നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷ: ഷെയിന്‍ നിഗം
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ച വിലക്ക് നീക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് നടന് ഷെയിന്‍ നിഗം. വിലക്ക് നീക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന് സിദ്ദിഖ്, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുമായി സിദ്ദിഖിന്റെ ആലുവയിലെ വീട്ടില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷെയിന്‍. വിവാദങ്ങളെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച 'വെയില്' അടക്കമുള്ള മൂന്നു സിനിമകളും പൂര്‍ത്തിയാക്കുമെന്നും ഷെയിന്‍ വ്യക്തമാക്കി.
ആ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വ്യാജക്കരാറാണ് 'ഉല്ലാസം' നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇക്കാര്യങ്ങള്‍ അസോസിയേഷനുതന്നെ അറിവുള്ളതാണ്. 'അമ്മ' നടത്താന്‍ പോകുന്ന അനുരഞ്ജന ചര്‍ച്ചകളിലാണ് എല്ലാ പ്രതീക്ഷയും. ചിത്രീകരണത്തില്‍ സഹകരിച്ചില്ലെന്ന 'വെയില്' സിനിമാ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ഷെയിന്‍ വ്യക്തമാക്കി.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഫെഫ്ക ഭാരവാഹികളുമായും ഷെയിന്‍ ചര്‍ച്ച നടത്തും. ചെയര്മാന് ബി. ഉണ്ണികൃഷ്ണന് കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ഇതോടെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.
'ഉല്ലാസം' സിനിമയുടെ എഗ്രിമെന്റില്‍ പിശകുകളുണ്ടെന്ന് വ്യക്തമായെന്ന് ഇടവേള ബാബു പ്രതികരിച്ചു. ഇപ്പോള്‍ തര്‍ക്കത്തിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത സിനിമകള്‍ ഏറ്റെടുക്കൂവെന്ന് ഷെയിനിന്റെ ഉറപ്പു ലഭിച്ചതായും ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."