ആധുനിക വിദ്യാഭ്യാസം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
ചവറ: ആധുനിക വിദ്യാഭ്യാസം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
ചവറ സൗത്ത് എല്‍.വി.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍ നേരിടുന്ന കുറവുകളെല്ലാം പരിഹരിച്ച് ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ സംഭാവനയായി സാമൂഹ്യ ബന്ധത്തിലൂടെ വികസിക്കുന്ന തലമുറയാണ് കേരളത്തില്‍ ഇനിയുണ്ടാവുക.
മുന്‍പ് 27 കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഈ സ്‌കൂളില്‍ ഇപ്പോള്‍ 300 ലധികം പേര്‍ പഠിക്കുന്നു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണിത്. ഈ മാതൃക മറ്റു വിദ്യാലയങ്ങളും പിന്തുടര്‍ന്നാല്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അടുത്ത വര്‍ഷവും പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതലായി എത്തും.
എല്‍.വി.എല്‍.പി സ്‌കൂള്‍ നാലു മാസത്തിനകം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. എന്‍. വിജയന്‍പിള്ള എം.എല്‍.എ. അധ്യക്ഷനായി. ചവറ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ബി. സേതുലക്ഷ്മി, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഹെഡ്മിസ്ട്രസ് ടി. തങ്കലത, രാഷ്ട്രീയകക്ഷി നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."