നാഥനില്ലാതെ, തണ്ടൊടിഞ്ഞ്
കൊച്ചി: സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും സമവായമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.
പാര്‍ട്ടിയില്‍ ശക്തമായ വിവിധ ചേരികള്‍ക്കിടയിലുള്ള അസ്വാരസ്യമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകിക്കുന്നത്. കെ. സുരേന്ദ്രന്‍ പ്രസിഡന്റാകണമെന്ന മുരളീധര വിഭാഗവും എം.ടി രമേശ് ആകണമെന്ന് കൃഷ്ണദാസ് പക്ഷവും ഉറച്ച നിലപാട് എടുത്തതാണ് തീരുമാനം വൈകിപ്പിക്കുന്നത്. ഒ. രാജഗോപാലുള്‍പ്പെടെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ശോഭാ സുരേന്ദ്രനെയാണ് നിര്‍ദേശിച്ചത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം നേരിട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിക്കാനാണ് നീക്കം.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്ന് എം.ടി രമേശ് പറഞ്ഞു. സംഘടനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്. ഇക്കാരണത്താലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്. സംസ്ഥാന അധ്യക്ഷന്റെ അഭാവത്തില്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ മാസം 21, 22 തിയതികളില്‍ നിയോജക മണ്ഡലതല തെരഞ്ഞെടുപ്പ് നടക്കും. 30ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കും. ജനുവരി രണ്ടാംവാരത്തോടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ സംസ്ഥാന സമിതി നിലവില്‍ വരുമെന്നും രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ഭരണദിനമായി ആചരിക്കും.
കോര്‍ കമ്മിറ്റിക്ക് ശേഷം സംസ്ഥാന സമിതി യോഗവും ചേര്‍ന്നിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."