ഹോട്ടലുകളില്‍ നിന്ന് ഇനി സൗജന്യമായി കുടിവെള്ളം കിട്ടും
തിരുവനന്തപുരം: ജില്ലയിലെ ഹോട്ടലുകളില്‍നിന്ന് ഇനി മുതല്‍ ഫ്രീയായി കുടിവെള്ളം കിട്ടും. ഹോട്ടലുകളില്‍നിന്നു നേരിട്ടും വാട്ടര്‍ ബോട്ടിലിലുമൊക്കെ പൊതുജനങ്ങള്‍ക്കു സൗജന്യമായി കുടിവെള്ളം നല്‍കാന്‍ തയാറാണെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ഹോട്ടലുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനങ്ങള്‍. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് നഗരത്തിലെത്തുന്നവര്‍ക്കു സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്.
സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുകയാണെങ്കില്‍ എല്ലാ ഹോട്ടലുകളില്‍നിന്നും ശുദ്ധമായ കുടിവെള്ളം നിറച്ചുതരും. ജ്യൂസുകള്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് സ്‌ട്രോ ഒഴിവാക്കും. ഐസ്‌ക്രീമിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളും പരമാവധി ഒഴിവാക്കുമെന്നു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു.ഹോട്ടലുകളില്‍നിന്നു ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള ഉപാധികളും യോഗം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഹോട്ടലുകളില്‍നിന്നു പാഴ്‌സലുകള്‍ നല്‍കുന്നതിനാണ് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ അധികമായി ഉപയോഗിക്കേണ്ടിവരുന്നത്. ഇതിനു ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കും. പാഴ്‌സല്‍ വാങ്ങാനെത്തുന്നവര്‍ പാത്രം കൊണ്ടുവരികയാണെങ്കില്‍ പാഴ്‌സല്‍ ചാര്‍ജ് ഒഴിവാക്കിയേ വില ഈടാക്കൂ എന്നും ഹോട്ടല്‍ ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. ജില്ല പൂര്‍ണമായും പ്രകൃതി സൗഹൃദ ഭക്ഷണത്തിന്റെയും ഗ്രീന്‍ ഹോസ്പിറ്റാലിറ്റിയുടേയും കേന്ദ്രമായി മാറണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. പ്രകൃതി സൗഹൃദമായ ബിസിനസ് രീതി നടപ്പാക്കാന്‍ ഹോട്ടല്‍ ഉടമകള്‍ മുന്നോട്ടുവരണം. ഹോട്ടലുകളില്‍നിന്നു സൗജന്യമായി കുടിവെള്ളവും ടോയ്‌ലറ്റും നല്‍കാമെന്ന തീരുമാനം ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണ്. ഇത്തരം ഹോട്ടലുകള്‍ക്കു ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നു ഗ്രീന്‍ ഹോസ്പിറ്റാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രകൃതി സൗഹൃദ പാര്‍ക്കിങും സ്റ്റീല്‍ പാത്രങ്ങളില്‍ പാഴ്‌സലും പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ഇക്കോ ഫ്രണ്ട്‌ലി ഫുഡ് എന്ന ബ്രാന്‍ഡില്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും കലക്ടര്‍ പറഞ്ഞു.
ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്‌നു കീഴിലുള്ള സ്ഥിതി അംഗങ്ങള്‍ ഹരിത മാര്‍ഗങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജല്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ബേക്കറി അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."