യു.എസ് ഉപരോധം നേരിടാന്‍ 'പ്രതിരോധ' ബജറ്റുമായി ഇറാന്‍
500 കോടി ഡോളര്‍ റഷ്യ വായ്പ നല്‍കും
തെഹ്‌റാന്‍: യു.എസ് ഉപരോധത്തെ മറികടക്കാനായി 3,900 കോടി ഡോളറിന്റെ (4,845 ട്രില്യന്‍ ഇറാന്‍ റിയാല്‍) 'പ്രതിരോധ' ബജറ്റുമായി ഇറാന്‍. രാജ്യത്ത് നാണയപ്പെരുപ്പം 40 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി ചെലവ് കൂടുകയും ചെയ്തതോടെ എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ്ഘടനയെ കെട്ടിപ്പടുക്കുന്ന ബജറ്റാണ് 2020 സാമ്പത്തികവര്‍ഷത്തേക്ക് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചത്.
ഇതിന് ഇറാന്റെ സുഹൃദ് രാജ്യമായ റഷ്യയുടെ സഹായവുമുണ്ടാകും. 500 കോടി ഡോളര്‍ റഷ്യയില്‍ നിന്ന് വായ്പയായി ലഭിക്കുമെന്ന് റൂഹാനി അറിയിച്ചു.
പൊതുമേഖലയില്‍ 15 ശതമാനം ശമ്പള വര്‍ധന നടപ്പാക്കും. ജനങ്ങളുടെ സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് വീണ്ടെടുത്തുനല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇറാന്റെ കയറ്റുമതി, ഇറക്കുമതി, നാണയവിനിമയം, വിദേശ ഇടപാട് എന്നിവയെല്ലാം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനായി എണ്ണയിതര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് നീക്കം.
ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത പ്രതിഷേധമുയരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റിന്റെ കരട് റൂഹാനി പാര്‍ലമെന്റ് മുമ്പാകെ വച്ചത്.
ഫെബ്രുവരിയില്‍ രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് റൂഹാനി പുതിയ പ്രതിരോധ ബജറ്റുമായി വന്നിരിക്കുന്നത്.
പരമാവധി സമ്മര്‍ദവും ഉപരോധവുമെന്ന യു.എസ് തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ബജറ്റിന് രൂപംകൊടുത്തിരിക്കുന്നതെന്ന് റൂഹാനി പറഞ്ഞു.
അതേസമയം 2020-21ലെ ബജറ്റിനെ ബാലന്‍സ് ചെയ്യാനായി എണ്ണവില ബാരലിന് 194.6 ഡോളറാക്കാന്‍ ഇറാന്‍ തയാറാവണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തികവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനമാവുമെന്നും 2020-21ല്‍ ഇത് 5.1 ശതമാനമാവുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."