കലോത്സവത്തിന്റെ രുചിയറിഞ്ഞ് മന്ത്രി ജി.സുധാകരന്
ആലപ്പുഴ: കലോത്സവത്തിന്റെ നടത്തിപ്പുകാരന്റെ റോളിലായിരുന്നു ഇന്നലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കലോത്സവം സ്വാഗതസംഘം അധ്യക്ഷനായ മന്ത്രി അതിരാവിലെ തന്നെ പ്രധാന വേദിയായ ലിയോതേര്ട്ടീന്തിലെത്തി അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് വിവിധ വേദികളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഇടയ്ക്ക് ചില പൊതുപരിപാടികള്‍ക്ക് പോയതൊഴിച്ചാല്‍ ഏറെക്കുറേ എല്ലാ സമയവും അദ്ദേഹം കലോത്സവത്തിന്റെ നടത്തിപ്പുകള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് രംഗത്തുണ്ടായിരുന്നു. ലിയോതേര്ട്ടീന്തിലെ മീഡിയ പവലിയനുകളിലും സംഘാടക സമിതിയുടെ ഓഫിസിലും കുടിവെള്ള വിതരണ പവലിയനിലും മന്ത്രി പരിശോധന നടത്തി.
ഇതിനിടെ പൊലിസിന്റെ ആഭിമുഖ്യത്തില്‍ ലിയോതേര്‍ട്ടീന്ത് സ്കൂളില്‍ നടക്കുന്ന പ്രദര്‍ശന സ്റ്റാള്‍ മന്ത്രി സന്ദര്‍ശിച്ചു.
വിവിധ തരം തോക്കുകളും പൊലിസിന്റെ ആയുധങ്ങളും ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഉച്ചയോടെ ഇ.എം.എസ്.സ്റ്റേഡിയത്തിലെത്തി ഊണ് കഴിച്ചു.
കലവറയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ മികച്ചതാണെന്നും ഭക്ഷണം ഏറെ രുചിപ്രദമാണെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന് ശേഷം ആലപ്പുഴയില്‍ നടക്കുന്ന കലോത്സവം ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണെന്ന് മന്ത്രി പറഞ്ഞു.
പ്രളയകാലത്ത് കുട്ടനാട്ടില്‍ നിന്ന് പൂര്‍ണമായി നമുക്ക് ആളെ ഒഴിപ്പിക്കേണ്ടി വന്നു. അതിനെയെല്ലം പെട്ടെന്ന് അതിജീവിക്കാന്‍ നമുക്കായി. പ്രതീക്ഷിച്ചതിലും മെച്ചമാണ് കലോത്സവത്തിന്റെ സംഘാടനമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങുപോലും ഒഴിവാക്കി സംഘാടക സമിതി ചെയര്മാന് കൂടിയായ മന്ത്രി സുധാകരന് കലോത്സവ വേദികളില്‍ ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മേള തുടങ്ങുന്നതിന് തലേന്നുതന്നെ ജില്ലയിലെത്തിയിരുന്നു.
വിവിധ ചടങ്ങുകളുടെ നടത്തിപ്പും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അദ്ദേഹം സജീവ സാന്നിധ്യമാണ്.
ധനമന്ത്രി തോമസ് ഐസക്കും ഇന്നലെ കലോത്സവ വേദിയിലെത്തിയിരുന്നു.
മന്ത്രിമാര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മറ്റും വിദ്യാര്‍ഥികളുടെ തിരക്കും കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."