പൗരത്വ ബില്‍: ഇന്ത്യ 'ഹിന്ദു പാകിസ്താനാ'കുമെന്ന് തരൂര്‍
ന്യൂഡല്‍ഹി: ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായ ശശി തരൂര്‍ എം.പി. മതം അടിസ്ഥാനമാക്കി പൗരത്വം നല്കുകയാണെങ്കില് ഇന്ത്യ ഹിന്ദുത്വ രൂപമുള്ള പാകിസ്താനായി മാറുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കു മുകളില്‍ ജിന്നയുടെ ആശയം ജയിച്ചതുപോലെയാകും അതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തെ പുറത്താക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ സമുദായത്തിലെ അംഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്. മറ്റു സമുദായങ്ങളുടെ പീഡനം സഹിക്കവയ്യാതെ ഇന്ത്യയിലെത്തിയ മുസ്ലിംകളെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും തരൂര്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതും നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഇതു നാണംകെട്ട രീതിയാണ്. ബില്ല് പാര്‍ലമെന്റ് പാസാക്കിയാല്‍ പോലും സുപ്രിംകോടതി റദ്ദ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും തരൂര്‍ വ്യക്തമാക്കി.
ബില്ലിനെതിരേ പ്രതിപക്ഷം സ്വരം കടുപ്പിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ രണ്ടാം സ്വാതന്ത്ര്യസമരമായി മാറുമെന്നാണ്.
ബില്ലിനെതിരേ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍തന്നെ നീക്കങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബില്ലിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."