ശുഷ്‌കമായ സദസിന് മുന്നിലും നിറഞ്ഞാടി ചാക്യാര്‍മാര്‍
ആലപ്പുഴ: വെള്ളാപ്പള്ളി ഒ.എല്‍.എഫ്.എല്‍.പി സ്‌കൂളിലെ പത്താം വേദിയായ കാട്ടുകുതിര കൂത്തരങ്ങാക്കി ചാക്യാര്‍മാര്‍.
ആളൊഴിഞ്ഞ സദസിന് മുന്നിലും നിറഞ്ഞാടുകയായിരുന്നു അവര്‍. ആക്ഷേപ ഹാസ്യങ്ങള്‍ കൊണ്ട് സദസില്‍ ചിരി പടര്‍ത്തിയും ഒപ്പം ചിന്തിപ്പിച്ചും മുന്നേറിയ ചാക്യാര്‍മാരുടെ കൂത്തും നവരസങ്ങള്‍ പകര്‍ന്നാടിയ നങ്ങ്യാര്‍മാരുടെ കൂത്തുമായിരുന്നു മത്സരങ്ങള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗം ചാക്യാര്‍മാരും നങ്ങ്യാര്‍മാരും അരങ്ങുവാണ വേദിയില്‍ 24 മത്സരാര്‍ഥികളാണ് ഇരു വിഭാഗത്തിലുമായി മത്സരിക്കാന്‍ ചമയമണിഞ്ഞത്. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും സംഭവങ്ങളാണ് ചാക്യാര്‍മാര്‍ വേദിയിലവതരിപ്പിച്ചത്. പാഞ്ചാലി സ്വയംവരം, ഹനുമാന്റെ ലങ്കാ പ്രവേശം എന്നിവയായിരുന്നു മത്സരാര്‍ഥികളിലേറെയും പകര്‍ന്നാടിയത്. ആകെ 12 പേര്‍ മത്സരിച്ചതില്‍ 11 പേരും എ ഗ്രേഡ് നേടി.
ഒരാള്‍ ബി ഗ്രേഡും. നങ്ങ്യാര്‍മാര്‍ ഭാവാഭിനയത്തിലൂടെയാണ് പുരാണ കഥകളെ പകര്‍ന്നാടിയത്.
ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍കൂത്ത് മത്സരങ്ങള്‍ എട്ടാം വേദിയായ പാദമുദ്രയിലായിരുന്നു. ഇവിടെയും ചമയമണിഞ്ഞത് 12 പേര്‍. ഇതില്‍ എട്ടുപേര്‍ക്ക് എ ഗ്രേഡ് കിട്ടി. നാലുപേര്‍ക്ക് ബി ഗ്രേഡും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."