ആ 'വെടിവയ്പ് ' സ്വാഭാവികമെന്ന് തെലങ്കാന മന്ത്രി
ഹൈദരാബാദ്: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തിക്കൊന്ന പ്രതികളെ പൊലിസ് വെടിവച്ചു കൊന്നതിനെ ന്യായീകരിച്ച് തെലങ്കാന മന്ത്രി ശ്രീനിവാസ യാദവ്. അത്തരം ഒരേറ്റുമുട്ടല്‍ സ്വാഭാവികമാണെന്നു പറഞ്ഞ അദ്ദേഹം, അവര്‍ക്കു 'ശിക്ഷ' ലഭിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനാണെന്ന് അവകാശപ്പെടുകയും ചെയ്തു.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ അതു നിഷേധിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഡോക്ടറെ കൊന്ന കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നു മുഖ്യമന്ത്രി ഡി.ജി.പിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു പൊലിസ് നടപടിയെന്നതു ശ്രദ്ധേയമാണ്. പ്രതികള്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതാണെന്നണ് പൊലിസ് വ്യക്തമാക്കുന്നതെങ്കിലും, വ്യാജ ഏറ്റുമുട്ടലയിരുന്നെന്ന ആരോപണമുയരുകയും ദേശീയ മനുഷ്യാവകാശ കമ്മിഷന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെയാണ് സര്‍ക്കാര്‍ അറിവോടെയാണ് പൊലിസ് നടപടിയുണ്ടായതെന്ന രീതിയില്‍ മന്ത്രി പ്രസ്താവന നടത്തിയത്. പ്രതികള്‍ക്കു ലഭിച്ച ശിക്ഷ ഒരു പാഠമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം, കൊല്ലപ്പെട്ട പ്രതികളുടെ ശവസംസ്കാരം ഇതുവരെ നടന്നിട്ടില്ല. ഇന്നു രാവിലെ പത്തിനു തെലങ്കാന ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നുണ്ട്. അതിനു ശേഷമേ മൃതദേഹം സംസ്കരിക്കാവൂവെന്നു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."