ലണ്ടന് ചുവപ്പുനിറം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ലണ്ടന്‍ ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഇതോടെ ലണ്ടന്റെ നിറം ചുവപ്പായി മാറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വീറും വാശിയും പ്രകടമാകുന്ന ഡര്‍ബിയാണ് ലണ്ടന്‍ ഡര്‍ബി. മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1 എന്ന സ്‌കോറിനാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. അതിനിര്‍ണായകമായ മത്സരത്തിലെ തോല്‍വി സിറ്റിക്ക് കനത്ത തിരിച്ചിടയാവുകയും ചെയ്തു. മത്സരത്തിന്റെ 23-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പെനാല്‍റ്റിയില്‍ നിന്നായിരുന്നു യുനൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. അധികം വൈകാതെ 29-ാം മിനുറ്റില്‍ അന്തോണി മാര്‍ഷ്യലിന്റെ വക യുനൈറ്റഡിന്റെ രണ്ടാം ഗോളും പിറന്നു. ഗോള്‍ മടക്കുന്നതിന് വേണ്ടി സിറ്റി താരങ്ങള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി യുനൈറ്റഡ് മടങ്ങി. രണ്ടാം പകുതിക്ക് ശേഷം പൊരുതിക്കളിച്ച സിറ്റി പലപ്പോഴും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 72 ശതമാനവും സിറ്റിയുടെ കൈവശമായിരുന്നു പന്തുണ്ടായിരുന്നത്. എന്നിട്ടും ഗോള്‍ മാത്രം പിറന്നില്ല. ജീവന്‍ മരണ പോരാട്ടത്തിനൊടുവില്‍ 85-ാം മിനുറ്റില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍ പിറന്നത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തെ ചുവപ്പില്‍ മുക്കിയായിരുന്നു യുനൈറ്റഡ് തിരിച്ച് പോയത്. ഇതോടെ ലീഗില്‍ ഒന്നാമതെത്തുക എന്ന സിറ്റിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി 14 പോയിന്റിന്റെ വിത്യാസമാണ് ഇപ്പോള്‍ സിറ്റിക്കുള്ളത്. ഒന്നാം സ്ഥാനത്തേക്ക് സിറ്റിക്ക് ഇനി തിരിച്ചെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 46 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 35 പോയിന്റുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."