ശിവാനിയുടെ വിരലുകളിനി പുതിയ തന്ത്രികള്‍ മീട്ടും
പയ്യോളി: വീണ വാദനത്തില്‍ ഏഴോളം തവണ ജില്ലാ കലോത്സവങ്ങളിലും, സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധേയയുമായ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി എസ്. ശിവാനിക്കിത് ധന്യ മുഹൂര്‍ത്തം.
ജീവിത സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കാരണം കടം വാങ്ങിയ വീണയും വയലിനുമായി കലോത്സവ വേദികളിലെത്തി വിസ്മയം തീര്‍ക്കുന്ന ശിവാനിയുടെ ജീവിത ദുരിതങ്ങള്‍ പത്രത്തിലൂടെയും, പിന്നീട് നേരിട്ടന്വേഷിച്ചുമറിഞ്ഞ പ്രശസ്ത മിമിക്രി താരവും സിനിമാനടനുമായ ദേവരാജന്‍ സുഹൃത്തുകളുടെ സഹായത്തോടെ പുതിയ വീണ സമ്മാനിക്കാന്‍ തയ്യാറാവുകയായിരുന്നു.
വീണ കൈമാറ്റം ആഘോഷമാക്കാന്‍ സഹപാഠികളും സ്കൂളധികൃതരും തീരുമാനിച്ചതോടെ സ്കൂള്‍ പരിസരം ഉത്സവ തിമിര്‍പ്പിലായി. സുഹൃത്തുക്കളായ നിര്‍മ്മല്‍ പാലാഴിയും ഗായകന് റിനീഷും മിമിക്രി താരം മനീഷും ദേവരാജനൊപ്പമുണ്ടായിരുന്നു.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് ആദഞ്ജലിയര്പ്പിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. ചിത്രകാരന് അഭിലാഷ് തിരുവോത്ത് ബാലഭാസ്കറിന്റെയും മകളുടെയും ചിത്രം വരച്ചു. നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി ദേവരാജന്‍ ശിവാനിക്ക് വീണ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.എം റോസ അധ്യക്ഷനായി.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ. പ്രദീപന്, പ്രധാനാധ്യാപകന് എന്‍.എം ബിനോയ് കുമാര്‍ സംസാരിച്ചു. നാല് സെന്റ് സ്ഥലം മാത്രമുള്ള ശിവാനിക്ക് വീടുവെക്കാനാവശ്യമായ കഴിയാവുന്ന സാമ്പത്തിക സഹായം സ്വരൂപിച്ച് നല്‍കാമെന്ന് വേദിയില്‍ ദേവരാജന്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."