കോട്ടനാട് പ്ലാന്റേഷനില്‍ പൊതുവഴികള്‍ അടയ്ക്കുന്നതായി പരാതി
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ 20-ാം വാര്‍ഡായ കോട്ടനാട് മുന്നൂറോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കോട്ടനാട് പ്ലാന്റേഷന്റെ നിലപാട് പ്രതിഷേധാത്മകമാണെന്നും ഇതിനെതിരേ യുവജനതാദളിന്റെ നേത്യത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടനാട് പ്രദേശത്തെ 90 ശതമാനം ജനങ്ങളും താമസിക്കുന്നത് എസ്റ്റേറ്റുമായി ചുറ്റപ്പെട്ട സ്ഥലത്തെ പാടികളിലും വീടുകളിലുമായിട്ടാണ്. എന്നാല്‍ സമീപ എസ്റ്റേറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രദേശത്തെ ആളുകള്‍ക്ക് പൊതുവഴിയുമായി ബന്ധപ്പെടാനുള്ള ഗതാഗത മാര്‍ഗങ്ങള്‍ വേലി കെട്ടിയും മതില് കെട്ടിയും തടയുന്ന ധിക്കാരപരമായ മനുഷ്യാവകാശ ലംഘനമാണ് എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ആനക്കാട് കോളനി, ഉരുളിക്കുന്ന്, ചപ്പ് റാട്ടക്കുന്ന്, ഇരുപത് സെന്റ് കോളനി, അമ്പലക്കുളം, ചുങ്കത്തറ എന്നിവിടങ്ങളിലെ 300ല്‍പരം കുടുംബാംഗങ്ങള്‍ക്ക് പൊതുവഴിയുമായി ബന്ധപ്പെടാനോ സ്കൂള്‍, മദ്റസ എന്നിവിടങ്ങളിലേക്ക് വരാനോ നിലവില്‍ മൂന്നടിപോലും വീതിയില്ലാത്ത നടപ്പാത മാത്രമാണുള്ളത്. രോഗികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ദുര്‍ഘടമായ ഈ നടപ്പാതകളെയാണ് ആശ്രയിക്കുന്നത്. ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന വഴിയില്‍ രോഗി മരണപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. വീടുനിര്‍മാണ സാമഗ്രികള്‍ വളരെ ബുദ്ധിമുട്ടിയാണ് അതാത് സ്ഥലങ്ങളില്‍ എത്തിക്കുന്നത്.
ഇതിനായി സമരപ്രഖ്യാപന കണ്വന്ഷന് നാളെ കുന്നമ്പറ്റയില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് യു.എ അജ്മല്‍ സാജിദ്, ജനറല്‍ സെക്രട്ടറി സി.പി റഹീസ്, കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജല്‍ കൈപ്പ, നാട്ടുകാരായ അബുസാലി, നജ്മുദ്ദീന്, മുഹമ്മദ് ഷാഫി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."