യുവതിയെ ആശുപത്രിയില്‍നിന്ന് മടക്കിയയച്ച സംഭവം; വകുപ്പുതല അന്വേഷണം ആരംഭിച്ചു
കൊട്ടാരക്കര: പ്രസവ ചികിത്സക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ മടക്കി അയക്കുകയും പിന്നീട് വീട്ടില്‍ പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.
യുവതിയുടെ ബന്ധുക്കള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ചൊവ്വാഴ്ച കൊട്ടാരക്കര ഉമ്മന്നൂര്‍ പാറന്‍കോട് തുളസീ മന്ദിരത്തില്‍ രതീഷിന്റെ ഭാര്യ ശ്രീലക്ഷ്മി (21) ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ യുവതിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.
രാവിലെ പതിനന്നോടെ വീട്ടിലേക്ക് മടക്കി അയച്ച യുവതി വൈകിട്ടോടെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ യുവതിയെയും നവജാത ശിശുവിനെയും കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്ന് പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ചൊവ്വാഴ്ച്ച പ്രസവ ചികിത്സക്കായി യുവതി എത്തിയപ്പോള്‍ ആശുപത്രിയിലെ ചില ജീവനക്കാര്‍ ഇവരോട് മോശമായി പെരുമാറിയതായും യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിക്ക് മതിയായ ചികിത്സ നല്ക്കാതെ മടക്കി അയച്ചതും, ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഇന്നലെ രാവിലെ അന്വേഷണത്തിനായി ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.മണികണ്ഠന്, ഡോ.കൃഷ്ണവേണി, ഡി.പി.എച്ച്.എന്‍ ഉദ്യോഗസ്ഥയായ ലളിത എന്നിവര്‍ ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തിയത്. ജീവനക്കാരുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."