ചിറവക്ക്-കപ്പാലം റോഡ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; ഗതാഗതക്കുരുക്കിന് ആശ്വാസമാകും
തളിപ്പറമ്പ് : ചിറവക്ക്-കപ്പാലം റോഡ് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. റോഡ് വീതികൂട്ടി 12 മീറ്ററാക്കി ഡ്രൈനേജും ഒരുഭാഗത്ത് പാതയോരവും കൈവരിയും സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പ്രവൃത്തി ഉടന്‍ ആരംഭിക്കും.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെ 375 മീറ്റര്‍ റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്. സംസ്ഥാന പാതയില്‍തന്നെ ഏറ്റവും വീതികുറഞ്ഞ ഈ ഭാഗത്തെ റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ തളിപ്പറമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
പ്രവൃത്തിയുടെ ഭാഗമായി റോഡരികിലുള്ള ആക്രിക്കച്ചവടം ചെയ്യുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കുകയും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന ഉപയോഗശൂന്യമായ കിണര്‍ മൂടുകയും കപ്പാലം ഭാഗത്തെ തോട് ഗതിമാറ്റുകയും ചെയ്യും. നിലവിലെ ഓവുചാല്‍ പൂര്‍ണമായും മാറ്റി പുതിയ ഓവുചാല്‍ നിര്‍മിക്കും. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്താനാണ് പദ്ധതി. ഒരുഭാഗത്ത് നടപ്പാത ടൈല്‍സ് പാകി കൈവരി സ്ഥാപിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തി 1.85 കോടി രൂപയാണ് അനുവദിച്ചത്. ഇതോടൊപ്പം തളിപ്പറമ്പ് മെയിന്‍ റോഡ് മൂത്തേടത്ത് ഹൈസ്‌കൂള്‍ മുതല്‍ കപ്പാലം വരെ ഒരുകിലോമീറ്റര്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും മൂത്തേടത്ത് ഹൈസ്‌കൂള്‍ മുതല്‍ ന്യൂസ് കോര്‍ണര്‍ വരെയുള്ള നടപ്പാത ടൈല്‍സ് പാകി മോടിപിടിപ്പിച്ച് കൈവരികള്‍ സ്ഥാപിക്കുന്നതിനും ഒരു കോടി രൂപ അനുവദിച്ചതായും ഇരു പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി. ദേവേശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."