ജി.എസ്.ടി; മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സമരത്തിലേയ്ക്ക്
ആലപ്പുഴ: ചരക്കു സേവന നികുതി പ്രാബല്യത്തിലായതോടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതി ചുമത്തിയതായി കേരളാപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ആരോപിച്ചു.
1വല, റോപ്പ് എന്നിവയ്ക്ക് 12 ശതമാനവും നൂല്‍ 18 ശതമാനവും ഫ്‌ളോട്ട് എന്‍ജിന്‍ എന്നിവയ്ക്ക് 28 ശതമാനം എന്നീ ക്രമത്തിലാണ് നികുതി ചുമത്തിയിരിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായ മത്സ്യ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി. ജി.എസ്.ടി കമ്മിറ്റിയില്‍ തീരദേശ എം.എല്‍.എ കൂടിയായ ധനമന്ത്രി ഡോ. തോമസ് ഐസക് മൗനം പാലിച്ചത് ഖജനാവിലേക്കു പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും യോഗം കുറ്റപ്പെടുത്തി.
ജി.എസ്.ടിയുടെ പേരില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. മത്സ്യമേഖലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാലിക്കിയ മിക്ക പദ്ധതികളും അട്ടിമറിക്കപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ കള്ളത്തരം മത്സ്യ മേഖലയിലുള്ളവര്‍ തിരിച്ചറിയണം.
സര്‍ക്കാര്‍ നടത്തുന്ന മത്സ്യോത്സവം തൊഴിലാളികളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ.കെ ബേബി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സന്‍, ജനറല്‍ സെക്രട്ടറി എം.വി സംഭവന്‍, ജെയിംസ് ചിങ്കുതറ, ബാബു ആന്റണി, കെ.എം ലക്ഷ്മണന്‍, എ.എസ് വിശ്വനാഥന്‍, എ.ആര്‍ കണ്ണന്‍, വി.രാജു, പി.എന്‍ വിജയകുമാര്‍, കെ.എസ് പവനന്‍, എം.അബ്ദുള്‍ഖാദര്‍, ജി.വിജയന്‍, എസ്.സുധിലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."