തൊഴില്‍ നിഷേധം: വിശദീകരണ സമ്മേളനം നടത്തി
അരൂര്‍: ചന്തിരൂര്‍ സ്‌നോമാന്‍ ലോജിസ്റ്റിക്‌സിലെ തൊഴില്‍ നിഷേധത്തിനെതിരേ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തില്‍ വിശദീകരണ സമ്മേളനം നടത്തി. കമ്പനിക്കു സമീപം നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇടക്കാല ഉത്തരവ് വാങ്ങിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് ഇവിടെ ജോലികള്‍ ചെയ്യുന്നതെന്നാണ് കമ്പനി കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടക്ക് കമ്പനികളുടെതായ ചില പുതിയ ജോലിക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കുന്നതിനായി ജില്ലാ ലേബര്‍ ഓഫിസറെ സമീപിച്ചിരുന്നതായും നേതാക്കള്‍ പറഞ്ഞു. തൊഴില്‍ നിയമം അനുസരിച്ച് അരൂര്‍ മുതല്‍ ചന്തിരൂര്‍ പാലം വരെ സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍ പൂള്‍ ഏരിയയാണ്. ഈ പ്രദേശത്താണ് ലേബര്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്ക് കമ്പനി തൊഴില്‍ നിക്ഷേധിച്ചുകൊണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ വച്ചു തൊഴില്‍ ചെയ്യിക്കുന്നത്. ഇതിനെതിരേയാണ് സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും വിശദീകരണ സമ്മേളനം നടത്തിയത്.
ചന്തിരൂര്‍ സ്‌നോമാന്‍ ലോജിസ്റ്റിക്‌സിലെ തൊഴില്‍ നിക്ഷേധം അവസാനിപ്പിക്കുക, ലേബര്‍ കാര്‍ഡുള്ളവര്‍ക്ക് ഉള്‍പ്പടെ അര്‍ഹതയുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുക, സ്ഥാപനത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ പഞ്ചായത്തും തൊഴില്‍ വകുപ്പും ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്നത്.
ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പായിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ മനോഹരന്‍, പി.കെ സാബു, പി.ഡി രമേശന്‍, സി.കെ രാജേന്ദ്രന്‍,പി.എ ജോര്‍ജ്ജ്, പി.ടി പ്രദീപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."