ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും; എം.സി.എഫ് സെന്റര്‍ പ്രവൃത്തിയാരംഭിക്കുന്നു
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ വാര്‍ഡുകള്‍ തോറും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എം.സി.എഫ്) തുടങ്ങുന്നു. വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനും പുനഃചംക്രമണ യൂനിറ്റിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മുഴുവന്‍ പഞ്ചായത്തുകളിലും ഹരിതകര്‍മ സേനകളുടെ രൂപീകരണം പൂര്‍ത്തിയായി. സേനാ അംഗങ്ങള്‍ പരിശീലനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹരിത കര്‍മസേനയുടെ സഹായത്തോടെയാണ് മാലിന്യ ശേഖരിക്കുക.
വാര്‍ഡ് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എം.സി.എഫ് സെന്ററിലെത്തിക്കും. ഇ വേസ്റ്റുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ ഇവിടെവച്ച് തരംതിരിക്കും. വേര്‍തിരിച്ച് വെവ്വേറെ സൂക്ഷിക്കുന്ന മാലിന്യങ്ങള്‍ റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കാനാണ് ലക്ഷ്യം.
ഊര്‍ങ്ങാട്ടിരി, ചാലിയാര്‍, കരുളായി, തുവൂര്‍, ആനക്കയം, വാഴൂര്‍, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, താഴേക്കോട് പഞ്ചായത്തുകളില്‍ ഇതിനകം തന്നെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളിലും രണ്ട് മാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും.
എം.സി.എഫ് സെന്ററില്‍ സൂക്ഷിക്കാന്‍ പറ്റാത്തതും പുനരുപയോഗിക്കാന്‍ കഴിയാത്തതുമായ മാലിന്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലുള്ള ഷ്രെഡിങ് യൂനിറ്റുകളില്‍ എത്തിക്കും. നിലമ്പൂര്‍, മലപ്പുറം നഗരസഭകളിലും, മങ്കട, കുറ്റിപ്പുറം ബ്ലോക്ക് കേന്ദ്രങ്ങളിലും ഷ്രെഡിങ് യൂനിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."