കാളികാവില്‍ ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം; 800 രോഗികളെ പരിശോധിക്കാന്‍ ഒരാള്‍ മാത്രം
കാളികാവ്: കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. ഡോക്ടര്‍മാരുടെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റമാണ് മലയോര മേഖലക്ക് തിരിച്ചടിയായിട്ടുള്ളത്. കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രമാണ് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രം. ആറ് ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ നിലവിലുള്ളത് ഒരാള്‍ മാത്രമാണ്. ഡെങ്കിപ്പനി ഉള്‍പടെയുള്ള പകര്‍ച്ച രോഗങ്ങള്‍ ശമനമില്ലാത്തതിനാല്‍ എണ്ണൂറിലധികം രോഗികളാണ് നിത്യവും ഒ.പിയിലെത്തുന്നത്. ഇത്രയുംപേരെ ഒരാള്‍ മാത്രം പരിശോധന നടത്തുന്നത് രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരു പോലെ പ്രയാസമാക്കിത്തീര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ പി.യു നജീബ്, അബ്ദുല്‍ അസീസ്, ജൗഹര്‍ എന്നിവരാണ് ഒരുമിച്ച് സ്ഥലം മാറ്റം വാങ്ങിയിട്ടുള്ളത്. രണ്ട് വനിതാ ഡോക്ടര്‍മാര്‍ പ്രസവാവധിയിലുമാണ്. രാഷ്ട്രീയപ്രേരിതമായ ഇടപെടലാണ് ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിന് വഴിവെച്ചിട്ടുള്ളത്. ജോലി തടസപ്പെടുത്തുന്ന രീതിയിലുള്ള വിവരാവകാശങ്ങള്‍ നല്‍കിയും ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്ത് ചിലര്‍ ഡോക്ടര്‍മാരെ നിരന്തരം ശല്യം ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പരിരക്ഷ ചികിത്സ സമിതിയുമായി ബന്ധപ്പെട്ട പരാതികളും കൂടിയായതോടെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ സ്ഥലമാറ്റത്തിന് അപേക്ഷിക്കുകയാണുണ്ടായത്.
സമീപ പ്രദേശങ്ങളായ വണ്ടൂര്‍ താലൂക്കാശുത്രിയിലേക്ക് രണ്ടു പേരും തുവ്വൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരാളുമാണ് മാറിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ അഭാവത്തില്‍ കിടത്തി ചികിത്സ തടസപ്പെട്ട നിലയിലാണ്. നിലവില്‍ ചികിത്സയിലുള്ള രോഗികളെ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാര്‍ ഒഴിവു സമയങ്ങളിലെത്തി പരിശോധിക്കാമെന്ന ധാരണയിലാണുള്ളത്. പുതിയതായി രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. ചൊവ്വാഴ്ചയാണ് ഡോക്ടര്‍മാര്‍ സ്ഥലം മാറ്റം വാങ്ങി പോയിട്ടുള്ളത്.
ഡോക്ടര്‍മാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധി സമരം നടത്തിയെങ്കിലും സ്ഥലമാറ്റം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. മലയോരത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുന്നത് ഗുരുതരമായ പ്രശ്‌നമായി മാറിയിട്ടുണ്ട്. കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, ചോക്കാട് എന്നീ പഞ്ചായത്തുകളില്‍നിന്ന് ചികിത്സ തേടിയെത്തുന്നത് കാളികാവിലാണ്. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ വിവരം അറിയാതെ ബുധനാഴ്ച ആശുപത്രിയിലെത്തിയവര്‍ വലഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."