പ്രതിഭകള്‍ക്കിടയില്‍ താരമായി മന്ത്രി തോമസ് ഐസക്
ആലപ്പുഴ: കലോത്സവത്തിന്റെ ആദ്യദിനം പ്രതിഭകള്‍ക്കിടയില്‍ താരമായത് മന്ത്രി തോമസ് ഐസക്. വേദികളിലൊക്കെ കയറിയിറങ്ങി പ്രതിഭകളോട് സൗഹൃദം പങ്കുവച്ചാണ് മന്ത്രി താരമായത്. ഉച്ചയ്ക്ക് ശേഷം ഒന്നാംവേദിയോട് ചേര്‍ന്നുള്ള മീഡിയാ സെന്ററില്‍ മന്ത്രി എത്തുമ്പോള്‍ മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയെത്തിയ കുട്ടികളും ഉണ്ടായിരുന്നു. മന്ത്രി കുട്ടികളെ കൈകൊടുത്തും പുറത്ത് തട്ടിയുമൊക്കെ കുശലമന്വേഷിച്ചപ്പോള്‍ കുരുന്നു പ്രതിഭകള്‍ക്ക് അത്ഭുതം.
നാട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ എ.കെ.ജിയുടെ നാട്ടിലെന്ന ഒരു കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ മന്ത്രിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. പിന്നെ കലോത്സവം ഉഷാറല്ലെ എന്ന ചോദ്യത്തിന് ആരവത്തോടെയുള്ള കുരുന്നുകളുടെ മറുപടിയും.
വട്ടപ്പാട്ടിന് എ ഗ്രേഡ് നേടിയ കുഞ്ഞാലിമരയ്ക്കാര്‍ എച്ച്.എസ്.എസ് വടകരയിലേയും തുടര്‍ച്ചയായി ഏഴ് തവണ നാടന്‍പാട്ടില്‍ എ ഗ്രേഡ് നേടിയ ചേര്‍ത്തല ഗവ.ഗേള്‍സ് എച്ച്.എസിലെയും കുട്ടികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇവരോട് മത്സരവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കുട്ടികള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തതിനു ശേഷമാണ് മടങ്ങിയത്.
ആഘോഷങ്ങളില്ലാത്ത കലോത്സവമാണെങ്കിലും കുട്ടികളുടെ ആവേശം കൊണ്ട് കലോത്സവ പെരുമ തിരിച്ച് ലഭിച്ചെന്നും അടുത്ത കൊല്ലം ഇതിലും കേമമായി കലോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."