36 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം പുരോഗമിക്കുന്നു
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിലെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കുടുംബങ്ങള്‍ക്കായി പന്തല്ലൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മുതുമല വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ബെണ്ണ, നാഗംപള്ളി, മണ്ടേക്കര, പുളിയാരം, മുതുകുളി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളെയാണ് മേല്‍ പറയപ്പെട്ട ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നത്.
774 കുടുംബങ്ങളാണ് മുതുമല വന്യജീവി സങ്കേതത്തിനുള്ളില്‍ വിവിധയിടങ്ങളിലായുള്ളത്. ഇവരുടെ കൈവശം 1200ലധികം ഏക്കര്‍ സ്ഥലവുമുണ്ട്. ഇവരെ വനത്തിനുള്ളില്‍ പുറത്തെത്തിക്കുന്നതിനായാണ് വനംവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പുനരധിവാസത്തിന് തയ്യാറുള്ളവര്‍ക്ക് അവരുടെ കൈവശമുണ്ടായിരുന്ന സ്ഥലമെത്രയോ, അതും അതിനൊപ്പം വീടും നിര്‍മിച്ച് നല്‍കുന്നതാണ് ഒരു പദ്ധതി.
മറ്റൊന്ന് വനത്തിനുള്ളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയും. ഇതിനെ ഗോള്‍ഡന്‍ പാക്കേജെന്നാണ് വനംവകുപ്പ് അഭിസംബോധനം ചെയ്യുന്നത്. നിലവില്‍ 63 കുടുംബങ്ങള്‍ ഇത്തരത്തില്‍ ഗോള്‍ഡന്‍ പാക്കേജ് കൈപ്പറ്റി ഒഴിഞ്ഞുപോയിട്ടുണ്ട്. ബാക്കി വരുന്ന 711 കുടുംബങ്ങള്‍ക്കാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധയിടങ്ങളില്‍ വീട് നിര്‍മാണം നടക്കുന്നത്. സങ്കേതത്തിനുള്ളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് സങ്കേതത്തിന് സമീപം തന്നെ പുനരധിവാസം ഒരുക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഇതിനായി സമീപത്തെ വിവിധ സ്ഥലങ്ങള്‍ പരിശോധിച്ച് വരികയാണ്. പന്തല്ലൂര്‍ താലൂക്കിലെ അയ്യം
കൊല്ലിക്കടുത്ത ചണ്ണകൊല്ലിയിലും നെല്ലിയാമ്പതിയിലുമാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്. മൗണ്ടാടന്‍ ചെട്ടി സമുദായത്തില്‍പ്പെട്ട 36 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മാണമാണ് ഇവിടെ പുരോഗമിക്കുന്നത്. വനമേഖലയില്‍ കഴിയുന്ന കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസം അനുഭവിക്കുന്ന സാഹചര്യമാണ് നിലവില്‍. ഇതിനൊരു പരിഹാരം കൂടിയാവുകയാണ് മുതുമല വന്യജീവി സങ്കേതത്തിലെ പുനരധിവാസ പാക്കേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."