ലഹരിക്കെതിരേ ബോധവല്‍ക്കരണ കാംപയിന്
ഈരാറ്റുപേട്ട: യുവജനങ്ങളിലെ ലഹരി ഉപയോഗത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ നാഷണല്‍ സര്‍വിസ് സ്കീമും കേരള എക്സൈസ് വിഭാഗത്തിന്റെ വിമുക്തിയുമായി ചേര്‍ന്ന് പുതിയ കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചു.
കാംപസിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലുമായി ബോധവല്‍ക്കരണ പരിപാടികളാണ് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാംഘട്ടമെന്ന നിലയില്‍ കാംപസില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ മത്സരം നടത്തി. 150 വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ തയാറാക്കിയ പോസ്റ്ററുകള്‍ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചു വരുന്നു.
കോളജില്‍ നടന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.വി ജോര്‍ജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട കെ.എസ്.ആര്.ടിസി ബസ് സ്റ്റാന്‍ഡില്‍ പോസ്റ്റര്‍ പ്രദര്‍ശനവും ബസുകളില്‍ ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊള്ളുന്ന സ്റ്റിക്കറുകളും പതിച്ചു. രണ്ടാംഘട്ടമെന്ന നിലയില്‍ വീടുകള്‍ കയറി ബോധവല്‍ക്കരണമാണ് നടത്തുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വിസ് സ്കീം പ്രോഗ്രാം ഓഫിസര്‍മാരായ പ്രൊഫ. മിഥുന് ജോണ്‍, പ്രൊഫ. സിനി ജേക്കബ്, വളണ്ടിയര്‍ ലീഡര്‍ അനന്തകൃഷ്ണന്, പ്രിവന്റീവ് ഓഫിസര്‍ രാജേഷ് ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. ഹാഷിം, പ്രശോബ്, സി. കണ്ണന്, സി.കെ സുരേഷ്, കെ.എസ്.ആര്.ടി.സി കണ്‍ട്രോളിങ് ഓഫിസര്‍ രമേഷ് ബാബു വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഷാജുമോന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."