വെള്ളമില്ല; നെല്‍കൃഷി നശിക്കുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി കുന്നത്തേരി പാടശേഖരത്തില്‍ ഏക്കറുകണക്കിന് നെല്‍കൃഷി ഉണങ്ങി നശിക്കുന്നു.
കാവലന് ചിറയില്‍ നിന്നും മതിയായ വെള്ളം ലഭിക്കാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. 200 ഏക്കറിലധികം നെല്‍കൃഷി ചെയ്തിട്ടുള്ള കുന്നത്തേരി പാടശേഖരത്തില്‍ തൊണ്ണൂറ് ശതമാനം നെല്ചെടികളും ഉണങ്ങിയ നിലയിലാണ്.
വരള്‍ച്ച രൂക്ഷമായതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകരും നവീകരിച്ച കാവലന് ചിറയിലെ വെള്ളം പ്രതീക്ഷിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്. ചിറയിലെ വെള്ളം ക്രമാതീതമായി താഴ്ന്നതാണ് ഇപ്പോള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കുന്നത്തേരി, പതിയാരം പാടശേഖരങ്ങളിലെ ജലസേചനത്തിനായി രണ്ട് വര്‍ഷം മുമ്പ് സഹസ്ര സരോവര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് കാവലന് ചിറയുടെ പുനരുദ്ധാരണം നടത്തിയത്. എന്നാല്‍, ജലസേചനം ആരംഭിച്ചതോടെ ചിറയിലെ വെള്ളം മുക്കാല്‍ ഭാഗവും വറ്റുകയായിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകതയുമാണ് കുളം വറ്റുവാന്‍ ഇടയാക്കിയതെന്ന് ആരോപണമുണ്ട്.
കാവലന്ചിറയില് നിന്നും പാടശേഖരത്തിലേക്ക് ജലസേചനം നടത്തുന്നതിനായി മൂന്ന് ലക്ഷം രൂപ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെങ്കിലും ചിറ വറ്റിയതിനാല്‍ പൂര്‍ണമായും പമ്പിങ് നടത്താന്‍ കഴിയുന്നില്ല. പാടശേഖരത്തില്‍ കിണറുകള്‍ കുഴിച്ച് പമ്പിങ് നടത്തിയാല്‍ ജലക്ഷാമം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍, പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഇതിന് അനുമതി നല്‍കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെ വാഴാനി കനാലില്‍ നിന്നും പെപ്പ് ലൈന്‍ വഴി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുവാന്‍ പദ്ധതി തയാറാക്കാമെന്ന് ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതൊരു വിദൂര സാധ്യതയായി നിലനില്ക്കുന്നു. പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."