വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് പരാതി; രണ്ടുപേര്‍ക്കെതിരേ കേസ്
തൊടുപുഴ: സഊദിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ തൊടുപുഴ പൊലിസ് കേസെടുത്തു. തൊടുപുഴ കുമ്മംകല്ല് സ്വദേശി ഷംസ്, വണ്ണപ്പുറം സ്വദേശി അജിന്‍സ് എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ എസ്.ഐ വി.സി വിഷ്ണുകുമാര്‍ കസെടുത്തത്. വണ്ണപ്പുറം സ്വദേശികളായ വാഴമറ്റം വി.എ സാദിഖ്, പെരിയംകുന്നത്ത് പി.എസ് ജിഹാദ് എന്നിവരുടെ പരാതി പ്രകാരമാണ് കേസെടുത്തത്. യുവാക്കള്‍ക്ക് ഹെവി വാഹനത്തിന്റെ ഡ്രൈവര്‍മാരായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സഊദിയില്‍ എത്തിച്ചത്. എന്നാല്‍ ജോലി ലഭിച്ചില്ലെന്നു മാത്രമല്ല, ഒന്നരമാസത്തേളാം മറ്റു കഠിനജോലികള്‍ ചെയ്ത് ദുരിതത്തിലുമായി. പിന്നീട് ചില പ്രവാസി മലയാളികള്‍ ഇന്ത്യന്‍ എംബസി മുഖേന ബന്ധപ്പെട്ടാണ് ഇവരെ നാട്ടില്‍ തിരികെ എത്തിച്ചത്. കഴിഞ്ഞ മെയ് 29 നാണ് ജിഹാദും സാദിഖും സഊദിയില്‍ എത്തിയത്. പ്രതിമാസം 40,000 രൂപ ശമ്പളവും സൗജന്യ ഭക്ഷണവും താമസസൗകര്യവുമായിരുന്നു വാഗ്ദാനം. യുവാക്കളില്‍ നിന്നു ഷംസും അജിന്‍സും ഒന്നര ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നതായും പരാതിയിലുണ്ട്. എറണാകുളത്തുള്ള ഒരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് വിസ നല്‍കിയത്. യുവാക്കളെ സഊദിയിലെ അല്‍ഗസീം എന്ന സ്ഥലത്താണ് എത്തിച്ചത്. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം ട്രാക്ടര്‍ ഓടിക്കാനും മണ്ണ് കോരുന്നതിനും ചെടി നയ്ക്കുന്നതിനുമാണ് തങ്ങളെ നിയോഗിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. ആറുമാസത്തിനു ശേഷം ശമ്പളം നല്‍കുവെന്നാണ് തൊഴിലുടമ ഇവരോട് പറഞ്ഞത്. കഠിനമായ ചൂടില്‍ ജോലി ചെയ്തു ക്ഷീണിച്ച ഇവര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചില്ല.'വിവരം നാട്ടില്‍ അറിയിച്ചപ്പോള്‍ ബന്ധുക്കളാണ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എംബസി അധികൃതരും പ്രവാസികളും ഇവരെ കേരളത്തിലെത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."