നെല്ലായ ഗ്രാമപഞ്ചായത്തില്‍: പ്രസിഡന്റിനും സ്ഥിരംസമിതി ചെയര്‍മാനുമെതിരേ അഴിമതി ആരോപണവുമായി യു.ഡി എഫ്
വല്ലപ്പുഴ: നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമെതിരെ അഴിമതിയാരോപണവുമായി യു ഡി എഫ് രംഗത്ത്. 155000 രൂപ തെരുവ് വിളക്ക് റിപ്പയര്‍ ചെയ്യാനായി അനുവദിച്ചതില്‍ നിന്നും മുപ്പതിനായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരനില്‍ നിന്നും ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തായി.
നാല് ലക്ഷം രൂപയുടെ തെരുവ് വിളക്ക് കരാറിലാണ് പണം ആവശ്യപ്പെടുന്നത്. പഞ്ചായത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ ശനിയാഴ്ച്ച കാലത്ത് പത്ത് മണിക്ക് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും.
ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ബില്‍കിട്ടുന്നതില്‍ നേരിടുമെന്നാണ് പ്രസിഡന്റ് കരാറുകാരനെ അറിയിക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി നെല്ലായ പഞ്ചായത്തിലെ കരാര്‍ എനിക്ക് വേണ്ടെന്ന് കരാറുകാരന്‍ പറയുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ശബ്ദവും ഇതിലുണ്ട്. പഞ്ചായത്തിലെ പി.ഡബ്ല്യു.ഡി റോഡിന്റെ വശങ്ങളില്‍ മാനദണ്ഡം പാലിക്കാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ വന്‍തുക കൈകൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം നിനില്‍ക്കെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
നെല്ലായ മാവുണ്ടിരി റോഡില്‍ കെട്ടീട നിര്‍മ്മാണത്തിന് അനുമതി നല്‍കണമെങ്കില്‍ റോഡിന്റെ വീതി നിചപ്പെടുത്തി സ്‌കെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ക്കും താലൂക്ക്‌സര്‍വ്വെയര്‍ക്കും കത്ത് നല്‍കിയ അതേ ദിവസം തന്നെ അഞ്ച് മീറ്റര്‍ വീതി മാത്രമുള്ള ഭാഗത്ത് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു.
ഈ വിഷയത്തില്‍ ചൊവ്വാഴ്ച്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ബോര്‍ഡ് ബഹിഷ്‌കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും രാജിവെക്കണമെന്നും അതിനവര്‍ തയ്യാറാകാത്ത പക്ഷം പുറത്താക്കാന്‍ സി.പി.എം തയ്യാറാവണമെന്നും നെല്ലായ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
രാജിവെക്കുന്നത് വരെ യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് കണ്‍വീനര്‍ കെ.രാജീവും ചെയര്‍മാന്‍ എം.ടി.എ.നാസറും അറിയിച്ചു.പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നെല്ലായയില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."