കെട്ടിട നിര്‍മാണ പെര്‍മിറ്റ്: പുതിയ സോഫ്റ്റ്‌വെയറുമായി തദ്ദേശ വകുപ്പ്
തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിന് പുതിയ സോഫ്റ്റ്‌വെയറുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള 'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി കണ്ടെത്തിയ ഏജന്‍സി മുഖേന വികസിപ്പിച്ച ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയര്‍ (ഇന്റലിജന്റ് ബില്‍ഡിങ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം) ആണ് ഇനി ഉപയോഗിക്കുക. നേരത്തെ കെട്ടിട നിര്‍മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 'സങ്കേതം' എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ സോഫ്റ്റ് വെയറില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം നേരിടുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്ലാന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും നഗരാസൂത്രണകാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ ആയി കൈമാറാനും ഇതില്‍ സാധ്യമായിരുന്നില്ല. ഇതിനാലാണ് കാലതാമസമൊഴിവാക്കാനുതകുന്ന സംവിധാനമുള്ള ഐ.ബി.പി.എം.എസ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഒഴികെയുള്ള എല്ലാ കോര്‍പറേഷനുകളിലും, നഗരസഭകളിലും പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കും. തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാവശ്യമായ പ്രായോഗിക പരിശീലനം എല്ലാ നഗരസഭകളിലെ ജീവനക്കാര്‍ക്കും ലൈസന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്. പ്ലാന്‍ സമര്‍പ്പണം, പരിശോധന, പെര്‍മിറ്റ് അനുമതി നല്‍കല്‍ എന്നീ എല്ലാ ഘട്ടങ്ങളും പുതിയ സോഫ്റ്റ്‌വെയറിലൂടെ നിര്‍വഹിക്കാന്‍ കഴിയും. നഗരാസൂത്രണ വകുപ്പിന്റെ അനുമതി ആവശ്യമായ പ്ലാനുകള്‍ കൈമാറുന്നതിനും പര്യാപ്തമായ വിധത്തിലാണ് സോഫ്റ്റ്‌വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്.
പോരായ്മകളുള്ള പ്ലാനുകള്‍ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷകള്‍ നല്‍കുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ വിവരം അറിയാനും, ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."