ഇന്ത്യ പിടിമുറുക്കി
അഡലെയ്ഡ്: ആസ്‌ത്രേലിയ്‌ക്കെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയ ഇന്ത്യയ്ക്ക് 166 റണ്‍സിന്റെ ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 235 ല്‍ എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 151 റണ്‍സ് എടുത്ത് മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 15 റണ്‍സ് ലീഡ് നേടി. ചേതേശ്വര്‍ പൂജാരയും (40), അജിങ്ക്യാ രഹാനെ (1) യുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ പരാജയപ്പെട്ട ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
ലോകേഷ് രാഹുല്‍-മുരളി വിജയ് ഓപ്പണിങ് സഖ്യവും (63), ചേതേശ്വര്‍ പൂജാര- വിരാട് കോഹ്‌ലി (71) കൂട്ടുക്കെട്ടുമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് അടിത്തറയിട്ടത്. ലോകേഷ് രാഹുല്‍ 67 പന്തില്‍ 44 റണ്‍സ് എടുത്ത് പുറത്തായി.
ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ടിം പെയിന്‍ പിടിച്ചാണ് രാഹുല്‍ കൂടാരം കയറിയത്. 53 പന്തില്‍ 18 റണ്‍സ് എടുത്ത മുരളി വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പിടികൂടി.
രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ചേതേശ്വര്‍ പൂജാരയും ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്ന് സുരക്ഷിതമായ നിലയില്‍ എത്തിച്ചു. 127 പന്തില്‍ നാല് ബൗണ്ടറികളുമായി 40 റണ്‍സ് എടുത്ത പൂജാര വന്‍മതിലായി ക്രീസില്‍ ഉറച്ചു നില്‍ക്കുയാണ്.
104 പന്ത് നേരിട്ട കോഹ്‌ലി മൂന്ന് ബൗണ്ടറികളുമായി 34 റണ്‍സ് നേടി പുറത്തായി. നഥാന്‍ ലിയോന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് ആണ് കോഹ്‌ലിയെ പിടികൂടിയത്.
ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് കങ്കാരുക്കളുടെ ഒന്നാം ഇന്നിങ്‌സ് 235 ല്‍ അവസാനിപ്പിച്ചത്. ആദ്യദിനത്തില്‍ വിക്കറ്റ് കണ്ടെത്താനാവാതെ വലഞ്ഞ ഷമി ഇന്നലെ ഓസീസിനെ പിഴുതെറിഞ്ഞു.
167 പന്തില്‍ ആറു ബൗണ്ടറിയുടെ സഹായത്തോടെ 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസിനെ മുഹമ്മദ് ഷമിയുടെ പന്തില്‍ റിഷഭ് പന്ത് പിടികൂടി. ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (15), ജോഷ് ഹെയ്‌സല്‍വുഡ് (0) എന്നിവര്‍ പുറത്തായി.
നഥാന്‍ ലിയോന്‍ (24) പുറത്താകാതെ നിന്നു. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്താനായാല്‍ ഷമിക്ക് ഹാട്രിക് നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."