കേരള പത്രപ്രവര്‍ത്തനത്തിനുള്ളത് ലോകത്തോടൊപ്പം സഞ്ചരിച്ച ചരിത്രം: സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട്: ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ചരിത്രമാണ് കേരളത്തിലെ പത്രപ്രവര്ത്തനത്തിനുള്ളതെന്ന് മാധ്യമ നിരൂപകന് ഡോ. വി. സെബാസ്റ്റ്യന്‍ പോള്‍.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി കോഴിക്കോട് പൊലിസ് ക്ലബില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക മാധ്യമങ്ങളോട് കിടപിടിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളി ഒരേസമയത്ത് ഗ്ലോബലും ലോക്കലുമാണ്. പത്രപ്രവര്‍ത്തനത്തിന്റെ പണ്ടത്തെക്കാലം മാത്രമാണ് പവിത്രമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
എന്‍.പി രാജേന്ദ്രന്റെ 'മലയാള മാധ്യമം അകവും പുറവും' പുസ്തകം ദേശാഭിമാനി വാരിക എഡിറ്റര്‍ സി.പി അബൂബക്കറിനു നല്കി സെബാസ്റ്റ്യന്‍ പോള്‍ പ്രകാശനം ചെയ്തു. ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍' പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രൊഫ. കെ. ശ്രീധരന് ഒ.പി സുരേഷിനു നല്കി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ അധ്യക്ഷനായി.
കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് നേടിയ ഗ്രന്ഥകാരി പി.വി മിനിയെ പരിപാടിയില്‍ ആദരിച്ചു. പി.പി സുധാകരന്, എന്‍.പി രാജേന്ദ്രന്, പി.വി മിനി, എസ്. കൃഷ്ണകുമാര്‍, അനില്‍മാരാത്ത് സംസാരിച്ചു. പുസ്തകോത്സവം എട്ടുവരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."