എല്‍.ജെ.ഡി-ജെ.ഡി.എസ് ലയന നീക്കം സജീവം
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളും (എല്‍.ജെ.ഡി.) ജെ.ഡി.എസുമായുള്ള ലയന നീക്കം സജീവം. ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന ജെ.ഡി.എസ് സംസ്ഥാന സമിതി യോഗത്തിലും ഈ ആവശ്യമുയര്‍ന്നു. സംസ്ഥാന സമിതി യോഗത്തിനു മുന്‍പേ തന്നെ ലയനത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ലയനത്തിന് തയാറാണെന്നും ഇക്കാര്യത്തില്‍ എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ സി.കെ നാണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിത്. ജനതാദള്‍ എന്ന പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണം. ഇരു പാര്‍ട്ടികള്‍ക്കും ലയനത്തില്‍ താല്‍പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു. ജെ.ഡി.എസ് സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് ലയനം പൂര്‍ത്തിയാക്കണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍.ജെ.ഡിയിലും ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ നാണു, കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ.ഡി.എസില്‍ ലയനനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡി യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് ലയന സാധ്യതകള്‍ ഉണ്ടായതും അത് ചര്‍ച്ചയിലേക്കെത്തിയതും. പക്ഷേ, ദേശീയ തലത്തില്‍ എച്ച്.ഡി ദേവഗൗഡയുടെയും ശരദ് യാദവിന്റെയും നേതൃത്വത്തില്‍ രണ്ടു പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തില്‍ മാത്രം എങ്ങനെ ഒന്നാകുമെന്ന ചോദ്യമാണ് ലയനത്തിന് പ്രധാന തടസമായത്. എന്നാല്‍, കര്‍ണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടിലേക്ക് ജെ.ഡി.എസിന് പോകേണ്ടി വന്നാല്‍ എല്‍.ജെ.ഡിയുമായി ലയിച്ച് ഇടതുമുന്നണിയില്‍ തുടരാന്‍ ദേവഗൗഡ കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. മാത്രമല്ല ഭിന്നിച്ചു നില്‍ക്കുന്നതിലൂടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളും അണികളുടെ അഭാവവുമെല്ലാം ജനതാദള്‍ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."