ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍
കാസര്‍കോട്: 16ന് കാസര്‍കോട്ട് നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് ബദിയഡുക്ക, കുമ്പള പഞ്ചായത്ത് പ്രസിഡന്റുമാര്‍.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംലീഗിലെ കെ.എല്‍ പുണ്ടരീകാക്ഷയും ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ടുമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
ഹിന്ദു സമാജോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പുണ്ടരീകാക്ഷ പറഞ്ഞു. രണ്ടുമാസം മുന്‍പ് സംഘാടകര്‍ വിളിച്ചപ്പോള്‍ വരില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, മനഃപൂര്‍വം സംഘാടകസമിതി തന്റെ പേര് വയ്ക്കുകയായിരുന്നു. ഇതില്‍ വലിയ വിഷമമുണ്ട്.
രാഷ്ട്രീയമായും നയപരമായും യോജിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരമൊരാള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഒരിക്കലും പങ്കെടുക്കില്ല. മുസ്ലിംലീഗ് പ്രതിനിധിയായാണ് പഞ്ചായത്ത് പ്രസിഡന്റായത്. ആ നിലക്ക് പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സമാജോത്സവത്തിന്റെ സ്വാഗതസംഘം യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പേരുവച്ചത് തന്റെ സമ്മതപ്രകാരമല്ലെന്നും ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് പറഞ്ഞു.
യാതൊരു കാരണവശാലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."