മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി; വാഴക്കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍
മാനന്തവാടി: കാലവര്‍ഷ കെടുതിയിലും പ്രകൃതിക്ഷോഭത്തിലും കൃഷി നശിച്ച വാഴ കര്‍ഷകര്‍ക്കുള്ള നഷ്ട്ട പരിഹാരകുടിശ്ശിക നല്‍കാന്‍ ഇനിയും നടപടികളായില്ല. 10 കോടി 72 ലക്ഷത്തി 87009 രൂപയാണ് കുടിശ്ശികയായുള്ളത്. ഇതോടെ കടമെടുത്തും മറ്റും കൃഷിയിറക്കിയ 4765 ചെറുകിട വാഴ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
2014- വര്‍ഷത്തെ ശക്തമായ കാറ്റിലും മഴയിലും വാഴ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മാത്രമാണ് കുടിശ്ശിക ലഭിക്കാത്തത്. ഇതിന് മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളിലെ നഷ്ട്ടപരിഹാര തുക നല്‍കിയെങ്കിലും 2014 ജനുവരി ഒന്ന് മുതല്‍ 2015 ജനുവരി 31 വരെയുള്ള അപേക്ഷകളില്‍ തുക നല്‍കാതെ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. 50000 രൂപക്ക് മുകളിലുള്ള നഷ്ട്ടപരിഹാര തുക നല്‍കിയതിനാല്‍ ചെറുകിട കര്‍ഷകരാണ് ഏറെ ദുരിത ത്തിലായിരിക്കുന്നത്. ആകെയുള്ള വയലിന്റ ആധാരം പോലും പണയം വച്ച് ബാങ്ക് ലോണ്‍ എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്. എടുത്ത ലോണിന്റെ പലിശ പോലും അടക്കാന്‍ കഴിയാത്തത് കൊണ്ട് ബാങ്കില്‍ നിന്നു കര്‍ഷകര്‍ക്ക് നോട്ടിസ് ലഭിച്ചിരിക്കുകയാണ്. ഉല്‍പാദന ചെലവിന്റെ നാലിലൊന്ന് പോലും നഷ്ട പരിഹാരമായി ലഭിക്കില്ലെങ്കിലും പലിശ അടക്കാനെങ്കിലും തികയുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജില്ലയിലെത്തിയ കൃഷി വകുപ്പ് മന്ത്രി നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്നും ഇതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായതായും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി. അതെസമയം തങ്ങളുടെ ഭരണ കാലഘട്ടത്തിലെ കുടിശ്ശിക മാത്രം കൊടുത്ത് തിര്‍ക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആരോപണമുണ്ട്. കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ കുടിശ്ശിക വിതരണം ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. ഏറ്റവും കൂടുതല്‍ കൃഷി നാശം ഉണ്ടാകാറുള്ള മാനന്തവാടി ബ്ലോക്കില്‍ മാത്രം 1731 കര്‍ഷകര്‍ക്കായി 2 കോടി 83 ലക്ഷത്തി 45 190 രൂപയാണ് വിതരണം ചെയ്യാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."