ഹരിതരസതന്ത്രം
നമ്മുടെ മണ്ണും വായുവും ജലവും ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രം സമ്മാനിച്ച ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗവും സംസ്‌കരണവുമാണ് മലിനീകരണ തോത് ഇത്രയും വര്‍ധിക്കാന്‍ കാരണമെന്ന് കണ്ടെത്തിയതോടെ ശാസ്ത്ര ലോകം തന്നെ അതിനൊരു പരിഹാരം നല്‍കിയിരിക്കുകയാണ്.
രസതന്ത്രത്തിലെ ശാഖയായ ഗ്രീന്‍ കെമിസ്ട്രി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും കണ്ടെത്തലുകളും ഇനി വരുന്ന തലമുറയ്ക്ക് സാന്ത്വനം പകരാതിരിക്കില്ല.
പ്രകൃതിയുടെ
വ്യവസായശാല
ചെടികള്‍ ആഹാരപാചകത്തിനായി ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണല്ലോ പ്രകാശസംശ്ലേഷണം എന്ന ഫോട്ടോസിന്തസിസ്. ഇതില്‍ ജലം വിഘടന വിധേയമായി രാസവസ്തുക്കളായ ഹൈഡ്രജനും ഓക്‌സിജനും സൃഷ്ടിക്കപ്പെടുകയും തുടര്‍ന്ന് പ്രകൃതിക്ക് ദോഷകരമായിത്തീരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ നിരോക്‌സീകരിച്ച് കാര്‍ബോ ഹൈഡ്രേറ്റാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്രവലിയ രാസപ്രവര്‍ത്തനം ദിനം പ്രതി നടന്നിട്ടും സൂക്ഷ്മമായ അളവില്‍പ്പോലും മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന പ്രത്യേകത ശാസ്ത്രജ്ഞരെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ കെമിസ്ട്രിയിലൂടെ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പന്ന നിര്‍മാണത്തില്‍
ശ്രദ്ധിക്കാം
ഉള്‍പ്രേരകങ്ങളുടെ കൃത്യമായ ഉപയോഗം മൂലം അനാവശ്യമായ ഉപോത്പ്പന്നങ്ങളുടേയും മാലിന്യങ്ങളുടേയും പരിധി കുറയ്ക്കാന്‍ സാധിക്കും. ഉള്‍പ്രേരകങ്ങളായി ഉപയോഗപ്പെടുത്തുന്ന രാസവസ്തുക്കളുടെ ഉപയോഗം മൂലം പ്രകൃതിക്ക് ദോഷങ്ങളും മാലിന്യവസ്തുക്കളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി ജൈവ ഉള്‍പ്രേരകങ്ങളാണ് ഗ്രീന്‍ കെമിസ്ട്രി നിര്‍ദ്ദേശിക്കുന്നത്.
പരിഹാരങ്ങള്‍ പകരാം
രാസകീടനാശിനികള്‍ക്ക് പകരം ജൈവകീടനാശിനികളാണ് ഹരിത രസതന്ത്രം സമ്മാനിക്കുന്ന മുഖ്യ പരിഹാരം. ഇതിലൂടെ രാസ കീടനാശിനികള്‍ മലിനമാക്കിയ കൃഷി ഭൂമികളിലും ജലാശയങ്ങളിലും അടിഞ്ഞ് കൂടുന്ന രാസവസ്തുക്കളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാനാകും. നിത്യോപയോഗ വസ്തുവായ രാസഡിറ്റര്‍ജെന്റുകള്‍ക്ക് പകരം ഹരിത ഡിറ്റര്‍ജെന്റുകള്‍ ഉപയോഗപ്പെടുത്താനാണ് ഗ്രീന്‍ കെമിസ്ട്രി നിര്‍ദ്ദേശിക്കുന്നത്. സമുദ്രനിരപ്പടങ്ങുന്ന ജലാശയങ്ങളിലെ മാലിന്യം ഭക്ഷിക്കാന്‍ സഹായിക്കുന്ന
ബാക്ടീരിയകളുടെ ഉപയോഗം ജലാശയങ്ങളെ മാലിന്യമുക്തമാക്കാന്‍ സഹായിക്കും. സൂപ്പര്‍ ബഗ്‌സ് പോലെയുള്ള എണ്ണ ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ക്ക് വന്‍ തോതിലുള്ള എണ്ണ മലിനീകരണത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. കൃത്രിമ നിറങ്ങള്‍ക്ക് പകരം പ്രകൃതിജന്യ നിറങ്ങള്‍ ഉപയോഗപ്പെടുത്താനും ഡ്രൈസെല്ലുകള്‍ക്കു പകരം ഹൈഡ്രജന്‍ ഫ്യൂവല്‍സെല്ലുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും ഗ്രീന്‍ കെമിസ്ട്രി മാര്‍ഗ്ഗ നിര്‍ദ്ദേശം ചെയ്യുന്നു. സ്വയം പ്രതിരോധ ശേഷി നേടിയ ട്രാന്‍സ്‌ജെനിക് സസ്യങ്ങളുടെ വന്‍ തോതിലുള്ള നിര്‍മാണമാണ് മറ്റൊരു ആശയം. ഇതിലൂടെ കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ബി.ടി വിളകള്‍
കാര്‍ഷിക വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനായിരുന്നു മനുഷ്യന്‍ ആദ്യമായി കീടനാശിനികള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇതിലൂടെ മിത്ര കീടങ്ങളുടെ നാശവും സംഭവിച്ചു തുടങ്ങി.
കീടനാശിനികളെ അതിജീവിച്ച കീടങ്ങള്‍ വിളകളെ നശിപ്പിക്കുന്ന പ്രവൃത്തി തുടര്‍ന്നപ്പോള്‍ കൂടുതല്‍ നശീകരണ ശേഷിയുള്ള രാസവസ്തുക്കള്‍ക്ക് പിന്നാലെയായി ഗവേഷണങ്ങള്‍. വര്‍ധിച്ച തോതിലുള്ള കീടനാശിനി പ്രയോഗം പല വിധത്തിലുള്ള മാരക രോഗങ്ങളും സൃഷ്ടിച്ചു.
ഈ അവസ്ഥയിലാണ് കീടനാശിനികള്‍ക്കെതിരെ സ്വയം പര്യാപ്തത നേടിയ ബി.ടി.വിളകളുടെ ആഗനമം. ലോകമെങ്ങും വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബി.ടി.വിളകളിലെ അടിസ്ഥാനം ബാസില്ലസ് തുറിന്‍ജിയന്‍സ് എന്ന ബാക്ടീരിയയാണ്. ഈ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ഡോടോക്‌സിന്‍ കീടങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കി കൊന്നൊടുക്കുമെന്നതാണ് പ്രധാന നേട്ടം. ബാഹ്യമായൊരു കീട നാശിനിയുടെ സഹായമില്ലാതെ വിളകള്‍ തന്നെ കീടങ്ങളെ കൊന്നൊടുക്കുന്നത് ഗ്രീന്‍ കെമിസ്ട്രിയുടെ നേട്ടങ്ങളിലൊന്നാണ്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബി.ടി വിളകളുടെ പേരില്‍ നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്.
ജനിതക
ബാക്ടീരിയകളെ
നിര്‍മിക്കാം
ഇടിമിന്നലിലൂടെയും മഴയിലൂടെയും അന്തരീക്ഷത്തിലെ നൈട്രജന്‍ മണ്ണിലെത്താറുണ്ട്. പയര്‍വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ വേരില്‍ കാണുന്ന റൈസോബിയം ബാക്ടീരിയകള്‍ അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ആഗിരണം ചെയ്യുന്നുണ്ട്. ഇവ മനസ്സിലാക്കിയ ഗവേഷകര്‍ മറ്റുള്ള ബാക്ടീരിയകളിലും റീ കോമ്പിനന്റ് ഡി.എന്‍.എ ടെക്‌നോളജിയിലൂടെ സ്വയം നൈട്രജന്‍ സ്ഥിരീകരണം നടത്തുവാനുള്ള കഴിവ് നല്‍കുവാനുള്ള പരീക്ഷണങ്ങളിലാണ്. ജീനുകള്‍ സസ്യങ്ങളില്‍ സന്നിവേശനം നടത്തിയാല്‍ സസ്യങ്ങള്‍ക്ക് ആവശ്യമായ സമയത്ത് അന്തരീക്ഷത്തില്‍ നിന്ന് നൈട്രജന്‍ സ്ഥിരീകരണം നടത്താമെന്നതാണ് ഈ കണ്ടെത്തലിന്റെ നേട്ടങ്ങള്‍.
മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക്
പ്ലാസ്റ്റിക് മാലിന്യവും നിരോധനവും നമ്മുടെ സംസ്ഥാനത്തെ മുഖ്യ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. എന്നാല്‍ മാലിന്യത്തില്‍നിന്നു പ്ലാസ്റ്റിക് നിര്‍മിക്കാന്‍ സാധിക്കുമോയെന്ന് പല ഗവേഷകരും ചിന്തിച്ചിട്ടുണ്ട്.
പോളിലാക്ടിക് പോളിമര്‍ ഉപയോഗിച്ച് കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്നു പ്ലാസ്റ്റിക് നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കറ്റിലെ ഗവേഷകര്‍ വിജയ പഥത്തിലെത്തിയിരിക്കുകയാണ്.
സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പൈന്‍,കോണിഫറസ് മരങ്ങളില്‍ നിന്ന് ലഭിക്കുന്ന റെസിന്‍(മരക്കറ) ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മിക്കാനുള്ള പരീക്ഷണങ്ങളിലും വിജയമുറപ്പാക്കിക്കഴിഞ്ഞു. നവീന ഗവേഷണത്തില്‍പ്പെട്ട ജൈവ വിഘടന സ്വഭാവമുള്ള പ്ലാസ്റ്റിക്കുകള്‍ ഈ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഗ്രീന്‍ കെമിസ്ട്രിയുടെ തത്വങ്ങള്‍
ഹരിത രസതന്ത്രത്തിന്റെ സ്ഥാപക പ്രധാനികളായ പോള്‍.ടി.അനാസ്തസും ജോണ്‍.സി.വാര്‍ണറും ചേര്‍ന്ന് രൂപീകരിച്ച് ഗ്രീന്‍ കെമിസ്ട്രിയിലെ തത്വങ്ങള്‍ ഇവയാണ്.
1. രാസമാലിന്യങ്ങളുണ്ടാകാത്ത രീതിയില്‍ രാസവസ്തുക്ക ള്‍ നിര്‍മിക്കുക
2. ആറ്റമിതവ്യയം പാലിക്കുന്നതിലൂടെ അഭികാരങ്ങളുടെ ഭാഗീകഭാഗവും ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ രാസപ്രവര്‍ത്തന മാലിന്യം ഇല്ലാതാക്കുക
3. പ്രകൃതിക്കും മനുഷ്യനും ദോഷകരമല്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കുക.
4. പുനരുല്‍പ്പാദന സാധ്യതയുള്ള അസംസ്‌കൃതവസ്തുക്കളുപയോഗിച്ച് രാസപ്രക്രിയകള്‍ നടത്തുകയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക.
5. ഉള്‍പ്രേരകങ്ങളെ ഗുണപ്രദമായി ഉപയോഗപ്പെടുത്തി രാസമാലിന്യം കുറയ്ക്കുക
6. രാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ തോത് കുറയ്ക്കുക. ഇതുമൂലം കൂടുതല്‍ അഭികാരകങ്ങളെ ഉപയോഗപ്പെടുത്താതിരിക്കാനും രാസമാലിന്യം സൃഷ്ടിക്കാതിരിക്കാനും സഹായിക്കും
7. രാസ പ്രവര്‍ത്തനങ്ങളില്‍ രാസവസ്തുക്കളുടെ പാഴ്‌ച്ചെലവ് കുറയ്ക്കുക. പകരം ആറ്റം ഇക്കണോമി വര്‍ധിപ്പിക്കുക
8. ഹാനികരമല്ലാത്ത ലായകങ്ങളും രാസപ്രവര്‍ത്തന സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുക
9. സാധാരണ താപനിലയില്‍ രാസപ്രവര്‍ത്തനം നടത്തുകയും ഊര്‍ജ്ജം ലാഭിക്കുകയും ചെയ്യുക
10.ഉല്‍പ്പന്നങ്ങള്‍ക്ക് വിഘടനശേഷി ലഭിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക
11.രാസപ്രവര്‍ത്തനങ്ങളെ തല്‍സമയ നിരീക്ഷണം നടത്തി ഉല്‍പ്പന്നങ്ങളുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുക.
12.രാസപ്രവര്‍ത്തനങ്ങളുടെ പ്രയോഗ രീതിയില്‍ രാസാപകടങ്ങളുണ്ടാകാത്ത രീതി തിരഞ്ഞടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."