അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കി ചോമി യാത്രയായി
പുല്‍പ്പള്ളി: പുല്‍പ്പളളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ വനത്തോട് ചേര്‍ന്നുള്ള കൊല്ലിവര ഊരാളികോളനിയിലെ ചോമിയെന്ന വയോധികയുടെ ജീവിതാഭിലാഷമായിരുന്നു അടച്ചുറപ്പുള്ളൊരു വീടെന്നത്. അതിനായി വര്‍ഷങ്ങള്‍ കാത്തിരുന്നെങ്കിലും ആ സ്വപ്നം ബാക്കിയാക്കി ചോമി മടങ്ങി.
സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു പതിറ്റാണ്ടായി കരാറുകാരന്റെ അനാസ്ഥയില്‍ ചുമരിലൊതുങ്ങിയ വീടിന് മുന്നില്‍ അധികൃതരോട് ഒരുനൂറ് ചോദ്യശരങ്ങളുന്നയിച്ച് ചോമിയുടെ മൃതദേഹം കിടന്നു. പാതി പണിത വീടിന് മുന്നില്‍ കിടത്തിയ ചോമിയുടെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വാര്‍ഡ് മെമ്പറടക്കം എത്തിയിരുന്നു. ഇവരൊക്കെ കരാറുകാരന്റെ പിടിപ്പുകേടിന് മുന്നില്‍ നിന്ന് ചോമിക്ക് അന്തിമോപചാരമര്‍പ്പിച്ച് മടങ്ങി.
എന്നാല്‍ ഈ ക്രൂരതക്കെതിരെ ഇവര്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയൊന്നും കോളനിക്കാര്‍ക്കില്ല. അഞ്ച് മക്കളാണ് ചോമിക്കുള്ളത്. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കി പോയതോടെ ചോമി ഇളയ മകന്‍ ഭാസ്‌കരുനുമൊത്തായിരുന്നു താമസം. ഭാസ്‌കരന്‍ ചെറുപ്പം മുതലെ മാനസിക അസ്വാസ്ഥ്യമുളളയാളാണ്. ഭര്‍ത്താവും മരണപ്പെട്ടതോടെ ചോമി വര്‍ഷങ്ങളായി ഭാസ്‌കരനെ പോറ്റുന്നതിനുള്ള പെടാപാടിലായിരുന്നു. വര്‍ഷങ്ങളായി വനാതിര്‍ത്തിയില്‍ ഒറ്റപ്പെട്ട വീടിനുള്ളിലുള്ള ഇവരുടെ നരകയാതന കണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഒരു വീട് ഇവര്‍ക്കനുവദിച്ചത്. സ്വന്തമായി വീട് നിര്‍മിക്കുവാനുള്ള കഴിവില്ലാത്ത ചോമിയുടെ മുന്നില്‍ ദൈവദൂതനെപ്പോലെയായിരുന്നു ഒരുമുന്‍ ട്രൈബല്‍ ഓഫിസര്‍ കടന്നുവന്നത്.
ചോമിയോടൊപ്പം മക്കളായ വേണു, മാധവന്‍ എന്നിവര്‍ക്കും വീടനുവദിച്ചിരുന്നു. ഇവരുടെയെല്ലാം വീട് താന്‍ നിര്‍മിച്ചുകൊള്ളാമെന്ന് പറഞ്ഞായിരുന്നു ഈ ഉദ്യോഗസ്ഥന്‍ കരാര്‍ ഏറ്റെടുത്തത്. ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ ആധുനിക സൗകര്യങ്ങളുള്ള വീട് പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു ഇയാള്‍ പണി ഏറ്റെടുത്തപ്പോള്‍ നല്‍കിയ ഉറപ്പ്. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വീടിനനുവദിച്ച തുക. കരാറുകാരന്റെ ഉറപ്പ് വിശ്വസിച്ച കുടുംബം പക്ഷെ ചതിക്കപ്പെടുകയായിരുന്നു.
2008ല്‍ തുടങ്ങിയ വീട് നിര്‍മാണം ഇപ്പോഴും തീര്‍ന്നിട്ടില്ല. വീട് നിര്‍മാണം അനന്തമായി നീണ്ടതോടെ ചോമി നിരവധി തവണ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി. വാര്‍ഡ്‌മെമ്പര്‍ മുതല്‍ ജില്ലാകലക്ടര്‍ വരെയുള്ളവര്‍ക്ക് നിരവധി അപേക്ഷകള്‍ നല്‍കി.
അവസാനം താനുള്‍പ്പെടുന്ന വാര്‍ഡിന്റെ മെമ്പര്‍ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ വീടെന്ന തന്റെ സ്വപ്നം പൂവണിയുമെന്നായിരുന്നു ചോമി കരുതിയിരുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും കൈമലര്‍ത്തിയതോടെ ചോമി നിരാലംഭയായി. ബുദ്ധിസ്ഥിരതയില്ലാത്ത മകനെയും ചേര്‍ത്തുപിടിച്ച് വനാതിര്‍ത്തിയിലെ ചോര്‍ന്നൊലിക്കുന്ന കൂരക്കകത്ത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ചോമിക്ക് തന്റെ ജീവിതകാലത്ത് വീടെന്ന സ്വപ്നം പൂവണിയുകയില്ലെന്ന് അറിയാമായിരുന്നു.ഇത്തവണ മഴ ശക്തമായപ്പോള്‍ ചോമിയുടെ കൂര നിലംപതിച്ചു. പകല്‍സമയത്ത് ചോമിയും മകനും വീടിന് പുറത്തായിരിക്കുമ്പോഴായിരുന്നു വീട് നിലംപതിച്ചെന്നതിനാല്‍ ആളപായമുണ്ടായില്ല.
ഗതികെട്ട് ചോമി മകനെയും കൂട്ടി പൂര്‍ത്തിയാവാത്ത വീട്ടിലേക്ക് താമസം മാറ്റി. വീട് മാറി ഒരുമാസം തികയുന്നതിനുമുന്‍പെയാണ് ചോമിയുടെ വിയോഗം. ചോമിയുടെ മക്കളായ വേണുവും, മാധവനും ഈ തട്ടിപ്പിന്റെ ഇരകളാണ്. മാധവന് പണിതീരാത്ത വീടുകൊണ്ട് ഒരു ഉപകാരം അടുത്തിടെ ലഭിച്ചു.
സമീപത്തെ മറ്റൊരു കോളനിയിലേക്ക് റോഡ് പണിക്കെത്തിയവര്‍ക്ക് പണിയായുധങ്ങളും സിമെന്റും സൂക്ഷിക്കുന്നതിനായി വീട് വാടകക്ക് കൊടുത്തതിനാല്‍ തല്‍ക്കാലം എല്ലാമാസവും ഒരു തുക ലഭിക്കും. ആദിവാസിക്ഷേമത്തിനായി സര്‍ക്കാര്‍ കോടികള്‍ മുടക്കുമ്പോഴാണ് ചോമിയുടെയും മക്കളുടെയും ഈ കണ്ണ് നനയിപ്പിക്കുന്ന കഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."